വിനിപെഗ്: മാനിറ്റോബയിലെ ഉൾനാടൻ മേഖലകളിൽ ഹെപ്പറ്റൈറ്റിസ് എ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. നാല് ഫസ്റ്റ് നേഷൻസ് കമ്മ്യൂണിറ്റി ഉൾപ്പെടുന്ന പ്രദേശങ്ങളിൽ രോഗവ്യാപനം രൂക്ഷമായതോടെ അർഹരായവർക്കെല്ലാം സൗജന്യ വാക്സിൻ നൽകാൻ സർക്കാർ തീരുമാനിച്ചു. ഡിസംബർ 11 വരെയുള്ള കണക്കുകൾ പ്രകാരം പ്രവിശ്യയിൽ ആകെ 215 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടക്കുകിഴക്കൻ മാനിറ്റോബയിലെ ഐലൻഡ് ലേക്ക് റീജിയനിലുള്ള ഗാർഡൻ ഹിൽ, സെന്റ് തെരേസ പോയിന്റ്, വസഗമാക്, റെഡ് സക്കർ ലേക്ക് എന്നീ ഫസ്റ്റ് നേഷൻസ് കമ്മ്യൂണിറ്റികളിലാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്.

രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി വാക്സിൻ അർഹതയിൽ വലിയ ഇളവുകളാണ് സർക്കാർ വരുത്തിയിരിക്കുന്നത്. ഈ മേഖലകളിൽ താമസിക്കുന്ന ആറ് വയസ്സോ അതിനു മുകളിലോ പ്രായമുള്ള എല്ലാ ആളുകൾക്കും ഇനി മുതൽ സൗജന്യമായി വാക്സിൻ സ്വീകരിക്കാം. കൂടാതെ, ഈ കമ്മ്യൂണിറ്റികളിലേക്ക് യാത്ര ചെയ്യുന്നവർക്കും അവിടെ ജോലി ചെയ്യുന്നവർക്കും വാക്സിൻ ലഭ്യമാക്കും. പ്രവിശ്യയിലെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്നവരിൽ രോഗബാധയുള്ളവരുമായി നേരിട്ട് സമ്പർക്കമുണ്ടായവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
മലിനമായ ജലത്തിലൂടെയോ ആഹാരത്തിലൂടെയോ അല്ലെങ്കിൽ രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയോ ആണ് കരളിനെ ബാധിക്കുന്ന ഈ വൈറസ് രോഗം പകരുന്നത്. നിലവിൽ പൊതുജനങ്ങൾക്കിടയിൽ ഈ വൈറസ് പടരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്നും വാക്സിനേഷൻ നടപടികളുമായി സഹകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
