ഓട്ടവ: ക്രിസ്മസ്-പുതുവത്സര ആഘോഷവേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത കനേഡിയൻ പ്രധാനമന്ത്രി സമാധാനവും ഐക്യവും കൈവിടരുതെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. വെല്ലുവിളികൾ നിറഞ്ഞ വർഷമായിരുന്നു കടന്നുപോയതെന്നും എന്നാൽ കാനഡയുടെ കരുത്ത് ജനങ്ങളുടെ ഐക്യത്തിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തിരക്കുകളിൽ നിന്ന് മാറിനിന്ന് സ്വയം ചിന്തിക്കാനും പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനുമുള്ള അവസരമാണ് ഈ അവധിദിനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഇരുട്ടിന് പിന്നാലെ വെളിച്ചം വരുന്നു എന്ന പ്രതീക്ഷയാണ് എല്ലാ ആഘോഷങ്ങളും നമുക്ക് നൽകുന്നതെന്നും പ്രധാനമന്ത്രി സന്ദേശത്തിൽ വ്യക്തമാക്കി.

കാർണി, യേശുക്രിസ്തുവിന്റെ സേവനത്തിന്റെയും ക്ഷമയുടെയും ഉദാരതയുടെയും പാത പിന്തുടരാൻ ക്രൈസ്തവ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡുമായി പാർലമെന്റ് ഹില്ലിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി സന്ദേശം നൽകിയത്. നമ്മൾ പരസ്പരം കരുതലോടെയും ഐക്യത്തോടെയും നിലകൊള്ളുമ്പോൾ കാനഡ കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരാഗതമായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിടാറുള്ള അവധിദിന സന്ദേശത്തിൽ രാജ്യത്തിന്റെ വരാനിരിക്കുന്ന നല്ല നാളുകളെക്കുറിച്ചുള്ള ശുഭപ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
