ഓട്ടവ: ക്രിസ്മസ് സമ്മാനങ്ങളുമായി എത്തുന്ന സാൻ്റാക്ലോസിന് കനേഡിയൻ ആകാശപരിധിയിലൂടെ യാത്ര ചെയ്യാൻ ഫെഡറൽ ഗതാഗത മന്ത്രാലയം ഔദ്യോഗിക അനുമതി നൽകി. ഗതാഗത മന്ത്രി സ്റ്റീവൻ മക് കിനോൺ പുറത്തുവിട്ട വീഡിയോയിലൂടെയാണ് സാൻ്റായുടെ യാത്രയ്ക്ക് പച്ചക്കൊടി കാട്ടിയത്. കാനഡയിലെ വാർഷിക പാരമ്പര്യത്തിന്റെ ഭാഗമായാണ് ഇത്തരമൊരു സന്ദേശം പുറപ്പെടുവിക്കുന്നത്. കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണി ചരിത്രത്തിലാദ്യമായി ഈ പരിപാടിയിൽ പങ്കുചേർന്നു എന്നതാണ് ഇത്തവണത്തെ വീഡിയോയുടെ പ്രത്യേകത. റഡാറിൽ ഒരു അജ്ഞാത വസ്തു കണ്ടെത്തിയതിനെക്കുറിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി മന്ത്രി സ്റ്റീവൻ മക് കിനോണിനെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതായാണ് വീഡിയോയുടെ തുടക്കം.

തുടർന്ന് മന്ത്രി സ്റ്റീവൻ മക് കിനോൺ സാൻ്റാക്ലോസുമായി നേരിട്ട് സംസാരിക്കുകയും നിശ്ചിത പാതയിലൂടെ തന്നെ യാത്ര ചെയ്യാനും തന്റെ റെയിൻ ഡിയറുകളെ നന്നായി പരിപാലിക്കാനും നിർദ്ദേശം നൽകുന്നു. കാനഡയിലെ കുട്ടികൾക്ക് സമ്മാനങ്ങൾ എത്തിക്കുന്നതിൽ തടസ്സങ്ങളുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്രയ്ക്കുള്ള ക്ലിയറൻസ് നൽകിയത്. മൺട്രിയോളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ക്രിസ്മസ് പരേഡിന് പിന്നാലെയാണ് ഔദ്യോഗികമായി സാൻ്റായുടെ യാത്രയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.
