ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ സംഗീതജ്ഞനും ബിസിനസുകാരനുമായ ഷോൺ ഡിഡി കോംബ്സ് തന്റെ നാല് വർഷത്തെ ജയിൽ ശിക്ഷയിൽ ഇളവ് വേണമെന്ന അപ്പീലുമായി ന്യൂയോർക്ക് ഫെഡറൽ അപ്പീൽ കോടതിയെ സമീപിച്ചു. തന്നെ ഉടൻ ജയിൽ മോചിതനാക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്.
2025 ജൂലൈയിൽ നടന്ന വിചാരണയിൽ ‘മാൻ ആക്ട്’ (Mann Act) പ്രകാരമാണ് വേശ്യാവൃത്തിക്കായി സ്ത്രീകളെ സംസ്ഥാനങ്ങൾ കടത്തിയെന്ന കുറ്റത്തിനാണ് കോംബ്സിനെ ശിക്ഷിച്ചത്. നാലുവർഷവും 2 മാസവുമാണ് (50 മാസം) അദ്ദേഹത്തിന് ലഭിച്ച തടവുശിക്ഷ. വിചാരണ വേളയിൽ ലൈംഗിക കടത്ത്, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളിൽ നിന്ന് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
ശിക്ഷാ വിധി പുറപ്പെടുവിച്ച ജഡ്ജി അരുൺ സുബ്രഹ്മണ്യൻ, കോംബ്സ് കുറ്റവിമുക്തനാക്കപ്പെട്ട ചാർജുകളിലെ തെളിവുകൾ കൂടി ശിക്ഷ തീരുമാനിക്കാൻ ഉപയോഗിച്ചുവെന്നാണ് അഭിഭാഷകരുടെ ആരോപണം.

സമാനമായ കേസുകളിൽ സാധാരണയായി 15 മാസത്തിൽ താഴെ മാത്രമേ ശിക്ഷ ലഭിക്കാറുള്ളൂവെന്നും, എന്നാൽ കോംബ്സിന് നൽകിയ 50 മാസത്തെ ശിക്ഷ അമിതമാണെന്നുമാണ് അപ്പീലിൽ പറയുന്നത്. വിചാരണയിൽ ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങൾ പ്രായപൂർത്തിയായവർ തമ്മിലുള്ള സമ്മതപ്രകാരമുള്ള കാര്യങ്ങളാണെന്നും അതിനെ ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്. നിലവിൽ 56 വയസ്സുള്ള കോംബ്സ് ന്യൂജേഴ്‌സിയിലെ ഫെഡറൽ ജയിലിലാണ് കഴിയുന്നത്. ഇപ്പോഴത്തെ ശിക്ഷാ വിധി പ്രകാരം 2028 മെയ് മാസത്തിൽ മാത്രമേ അദ്ദേഹത്തിന് പുറത്തിറങ്ങാൻ കഴിയൂ. അപ്പീൽ കോടതി ഏപ്രിലിൽ വാദം കേൾക്കുമെന്നാണ് കരുതുന്നത്.
