ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ രസകരമായ രുചിവിശേഷങ്ങൾ പങ്കിട്ട് വാർഷിക റിപ്പോർട്ട്. ‘ഹൗ ഇന്ത്യ സ്വിഗ്ഗീഡ്’ എന്ന റിപ്പോർട്ടിലെ സൂചനകളനുസരിച്ച് 2025-ൽ ഇന്ത്യയിലാകെ 9.3 കോടി ബിരിയാണികളാണ് സ്വിഗ്ഗി മുഖാന്തിരം ഓർഡർ ചെയ്തത്. ഓരോ മിനിറ്റിലും 194 ബിരിയാണി പ്ലേറ്റുകൾ അഥവാ ഒരു സെക്കൻഡിൽ 3.25 ബിരിയാണികൾ. ബിരിയാണികളിൽ ചിക്കൻ ബിരിയാണിയാണ് ആളുകൾക്കേറെ പ്രിയം. ആകെയുള്ള 9.3 കോടിയിൽ 5.77 കോടിയും ചിക്കൻ ബിരിയാണിയാണ്. ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ടതും ബിരിയാണി ഓർഡറുകളാണ്. ബർഗറിനാണ് ആകെ ഓർഡറുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 4.42 ബർഗറുകളാണ് ഓർഡർ ചെയ്യപ്പെട്ടത്. 4.01 കോടി ഓർഡറുകളുമായി പിസ മൂന്നാമതും 2.62 കോടിയുമായി വെജ് ദോശ നാലാമതുമുണ്ട്. ആളുകൾ വീണ്ടും വീണ്ടും കഴിക്കാൻ ഇഷ്ടപ്പെട്ടതും ബിരിയാണിയാണ്. വൈകീട്ടത്തെ സ്നാക്കുകളിൽ ബർഗറിനാണ് ഒന്നാം സ്ഥാനം. വൈകീട്ട് മൂന്നുമുതൽ ഏഴ് വരെ ആളുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന പലഹാരങ്ങളാണിത്. 63 ലക്ഷം ചിക്കൻ ബർഗറുകൾ, 42 ലക്ഷം വെജ് ബർഗറുകൾ, 41 ലക്ഷം ചിക്കൻ റോളുകൾ, 36 ലക്ഷം വെജ് പിസ, 29 ലക്ഷം ചിക്കൻ നഗ്ഗെറ്റ്സ് എന്നിവയാണ് പട്ടികയിലെ മറ്റ് പ്രിയ സ്നാക്കുകൾ. സമോസയ്ക്ക് 34 ലക്ഷത്തിലേറെ ഓർഡറുകൾ ലഭിച്ചപ്പോൾ 29 ലക്ഷം പേരാണ് ചായ ഓർഡർ ചെയ്തത്.

മധുരത്തിൽ ഒന്നാമത് ചോക്ളേറ്റ് കേക്കാണ്. 69 ലക്ഷം ഓർഡറുകളുമായി വൈറ്റ് ചോക്ളേറ്റ് കേക്ക് ഒന്നാം സ്ഥാനവും 54 ലക്ഷം ഓർഡറുകളുമായി ചോക്കലേറ്റ് കേക്ക് രണ്ടാമതുമെത്തി. 45 ലക്ഷം ഓർഡറുകളുമായി ഗുലാബ് ജാമൂൻ മൂന്നാമതുമുണ്ട്. കാജു ബർഫി (20 ലക്ഷം), ബേസൺ ലഡു (19 ലക്ഷം) എന്നിവയും പട്ടികയിലുണ്ട്. ഇനി ഐസ്ക്രീം ഫ്ളേവറുകളിൽ 33 ലക്ഷം ഓർഡറുകളുമായി മുന്നിലുള്ളത് ഡാർക്ക് ചോക്കലേറ്റാണ്. പ്രഭാതഭക്ഷണങ്ങളിൽ 1.1 കോടി ഓർഡറുകളുമായി ഇഡലി ആദ്യസ്ഥാനത്തെത്തിയപ്പോൾ വെജ് ദോശ 96 ലക്ഷം ഓർഡറുകളുമായി രണ്ടാമതാണ്. 12.6 ലക്ഷം പേർ പൂരിയും 12.5 ലക്ഷം പേർ ആലു പറാത്തയും സ്വിഗ്ഗിയിലൂടെ വാങ്ങി. രാത്രി 12 മുതൽ പുലർച്ചെ രണ്ട് വരെയുള്ള സമയത്ത് ഓർഡർ ചെയ്യപ്പെട്ട സ്നാക്കുകളിൽ ചിക്കൻ ബർഗറാണ് (23 ലക്ഷം) മുന്നിലുള്ളത്. ചിക്കൻ ബിരിയാണി, വെജ് ബർഗർ, വെജ് പിസ, ചോക്കലേറ്റ് വേഫ്ൾസ്, ചോക്കലേറ്റ് കേക്ക്, വൈറ്റ് ചോക്കലേറ്റ് കേക്ക് എന്നിവയും മുന്നിലുണ്ട്.
