വാഷിങ്ടണ്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവിട്ട പുതിയ ഫയലുകളില്‍ ഡോണള്‍ഡ് ട്രംപിനെതിരെ ഉന്നയിക്കപ്പെട്ട ഗുരുതര ആരോപണം യുഎസ് നീതിന്യായ വകുപ്പ് തള്ളി. ഒരു യുവതിയെ ട്രംപ് ബലാത്സംഗം ചെയ്തു എന്ന പരാമര്‍ശം അസത്യമാണെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി.
പുറത്തുവന്ന മുപ്പതിനായിരത്തോളം രേഖകളില്‍ ഒന്നിലാണ് ട്രംപിനെതിരെ ബലാത്സംഗ ആരോപണമുള്ളത്. ഒരു യുവതിയെ പീഡിപ്പിക്കുന്നതിനെക്കുറിച്ച് ട്രംപും എപ്സ്റ്റീനും തമ്മില്‍ സംസാരിക്കുന്നത് താന്‍ കേട്ടുവെന്ന ഒരാളുടെ മൊഴിയാണ് ഫയലിലുള്ളത്. ഈ ആരോപണം പൂര്‍ണ്ണമായും അസത്യമാണെന്നും സ്ഥിരീകരിക്കാന്‍ കഴിയാത്തതാണെന്നും യുഎസ് നീതിന്യായ വകുപ്പ് പ്രതികരിച്ചു. 2020-ലെ തിരഞ്ഞെടുപ്പിന് മുന്‍പാണ് ഈ രേഖകള്‍ എഫ്ബിഐക്ക് (FBI) ലഭിച്ചതെങ്കിലും ഇതില്‍ തുടര്‍ പരിശോധനകള്‍ നടന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതിനിടെ, നീതിന്യായ വകുപ്പ് തന്റെ പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച് ഈ കേസിനെ ആധാരമാക്കി പരാതി നല്കിയ അതിജീവിത രംഗത്തെത്തി. 2009-ലാണ് താന്‍ എപ്സ്റ്റീന്റെ അതിക്രമത്തിന് ഇരയായതെന്ന് ഇവര്‍ പറയുന്നു. എപ്സ്റ്റീന് കേസിലെ നിര്‍ണ്ണായകമായ പല ഫയലുകളും യുഎസ് ഗവണ്മെന്റ് വെബ്സൈറ്റില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ട്രംപിന്റെയും മെലാനിയ ട്രംപിന്റെയും ചിത്രങ്ങളും ഉള്‍പ്പെട്ടിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും രാഷ്ട്രീയമായും വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയ ഒന്നാണ് എപ്സ്റ്റീന് ഫയലുകള്‍. ട്രംപ് അധികാരത്തിലിരിക്കെ ഈ ഫയലുകള്‍ പുറത്തുവിടാന്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇപ്പോഴത്തെ പുതിയ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
