എഡ്മിന്റണ്‍: കാനഡയുടെ വടക്ക്-പടിഞ്ഞാറന്‍ മേഖല അതിശൈത്യത്തിന്റെ പിടിയില്‍. ക്രിസ്മസ് ദിനത്തില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സെന്‍ട്രല്‍ ആല്‍ബര്‍ട്ടയില്‍ ക്രിസ്മസ് ദിനത്തില്‍ 10 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഞ്ഞ് വീഴാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.
മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് റോഡുകളിലെ കാഴ്ചാപരിധി കുറയാനും അപകടങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണം. ആവശ്യമെങ്കില്‍ യാത്രകളില്‍ മാറ്റം വരുത്താനും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ആല്‍ബര്‍ട്ട, സസ്കാച്വാന്‍, മാനിറ്റോബ എന്നിവിടങ്ങളില്‍ കാറ്റിനൊപ്പം അനുഭവപ്പെടുന്ന തണുപ്പ് മൈനസ് 45 മുതല്‍ മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് വരെയാകാന്‍ സാധ്യതയുണ്ട്. ബ്രിട്ടീഷ് കൊളംബിയയുടെ വടക്കന്‍ ഉള്‍പ്രദേശങ്ങളിലും ക്രിസ്മസ് ഉച്ചവരെ കഠിനമായ തണുപ്പ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്.

യൂക്കോണ്‍ പ്രവിശ്യയില്‍ കഴിഞ്ഞ ഒന്നര ആഴ്ചയായി തുടരുന്ന അതിശൈത്യം ക്രിസ്മസ് രാവിലും തുടരും. ഇവിടെ കാറ്റിനൊപ്പം തണുപ്പ് മൈനസ് 45 മുതല്‍ മൈനസ് 55 ഡിഗ്രി വരെയാകാന്‍ സാധ്യതയുണ്ട്. നിലവിലെ ആര്‍ട്ടിക് ശീതക്കാറ്റ് യൂക്കോണില്‍ നിന്ന് മാറാന്‍ തുടങ്ങുകയാണെന്ന് എന്‍വയോണ്‍മെന്റ് കാനഡയിലെ കാലാവസ്ഥാ നിരീക്ഷകന് ഡെറക് ലീ പറയുന്നത്. വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയും താപനില അല്പം ഉയര്‍ന്നേക്കും. വാരാന്ത്യത്തോടെ താപനിലയില്‍ 10 മുതല്‍ 20 ഡിഗ്രി വരെ വര്‍ധനയുണ്ടാകുമെന്നും തണുപ്പ് മൈനസ് 35 മുതല്‍ മൈനസ് 40 എന്ന പരിധിയിലേക്ക് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
