ധാക്ക: 17 വർഷത്തെ നീണ്ട പ്രവാസത്തിന് ശേഷം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) നേതാവ് താരിഖ് റഹ്മാൻ സ്വന്തം നാട്ടിൽ തിരിച്ചെത്തി. മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ അദ്ദേഹത്തിന് ധാക്ക വിമാനത്താവളത്തിൽ ആയിരക്കണക്കിന് അനുയായികളാണ് ആവേശകരമായ സ്വീകരണം നൽകിയത്. രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ താരിഖ് റഹ്മാന്റെ മടങ്ങിവരവ് രാഷ്ട്രീയമായി ഏറെ നിർണ്ണായകമാണ്.
തിരിച്ചെത്തിയ ഉടൻ തന്നെ അദ്ദേഹം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായതാണ് റിപ്പോർട്ട്. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി തനിക്ക് വ്യക്തമായ പദ്ധതികളുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി താരിഖ് റഹ്മാനും ഖാലിദ സിയയ്ക്കും വേണ്ടി പാർട്ടി നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് വോട്ടർ ഐഡി കാർഡ് ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിൽ നടന്നു വരികയാണ്.

ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് പിന്നാലെയാണ് താരിഖ് റഹ്മാന്റെ ഈ മടക്കം. 2018 മുതൽ ലണ്ടനിൽ താമസിച്ചാണ് അദ്ദേഹം പാർട്ടിയെ നയിച്ചിരുന്നത്. നീണ്ട 17 വർഷത്തെ കാത്തിരിപ്പിന് ശേഷം പ്രിയ നേതാവ് സ്വന്തം മണ്ണിൽ കാലുകുത്തിയത് ബിഎൻപി പ്രവർത്തകർക്ക് വലിയ ഊർജ്ജമാണ് പകർന്നിരിക്കുന്നത്.
