ടൊറന്റോ: ഒന്റാരിയോയിലെയും കെബെക്കിലെയും ലോംഗ് ടേം കെയർ ഹോമുകളിൽ വയോധികർ മതിയായ സുരക്ഷയില്ലാതെ പുറത്തിറങ്ങി തണുത്തു മരിക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. അടുത്തിടെ കെബെക്കിൽ രണ്ട് വയോധികർ ഇതേ രീതിയിൽ മരിച്ച സംഭവത്തെ തുടർന്നാണ് കെയർ ഹോമുകളിൽ കൂടുതൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായത്. ഡിസംബർ ആദ്യമാണ് കെബെക്കിലെ ലാവലിൽ 88 വയസ്സുള്ള ജീൻ ഡെമേഴ്സ്-ഗോയർ എന്ന വയോധികയെ താമസസ്ഥലത്തിന് പുറത്ത് തണുത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിമെൻഷ്യ ബാധിച്ച ഇവർ അധികൃതരുടെ കണ്ണുവെട്ടിച്ച് കെയർ ഹോമിന് പുറത്തുപോയത്.
സമാനമായ സംഭവങ്ങൾ ഒന്റാരിയോയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓട്ടവയിൽ ഹെയ്ൻസ് എന്ന വയോധികൻ കെയർ ഹോമിലെ തുറന്നുകിടന്ന വാതിലിലൂടെ പുറത്തുപോയത്. പിന്നീട് ഹെയ്ൻസിനെ പൂട്ടിയിട്ട വാർഡിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കൾ ഇക്കാര്യത്തിൽ പരാതി ഉയർത്തിയിരുന്നു.

ഡേ കെയറുകളിൽ കുട്ടികളാണ് ഇത്തരത്തിൽ മരിക്കുന്നതെങ്കിൽ വലിയ പ്രതിഷേധം ഉണ്ടായേനെയെന്നും ഒന്റാരിയോ ടെക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ വിവിയൻ സ്റ്റാമാറ്റോ പൗലോസ് വ്യക്തമാക്കി. വാതിലുകൾ തുറക്കുമ്പോൾ സിഗ്നൽ നൽകുന്ന അലാറം സംവിധാനങ്ങൾ ശ്രദ്ധിക്കാൻ പോലും ആളില്ലാത്ത അവസ്ഥയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, വയോധികരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിദിനം ശരാശരി നാല് മണിക്കൂർ നേരിട്ടുള്ള പരിചരണം ഉറപ്പാക്കുമെന്നും ഇൻസ്പെക്ടർമാരുടെ എണ്ണം ഇരട്ടിയാക്കുമെന്നും ഒന്റാരിയോ സർക്കാർ അറിയിച്ചു. ഇതിനായി 192 കോടി ഡോളർ അധികമായി അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
