ടൊറന്റോ: കാനഡയിലെ ‘വെജി പാരഡൈസ്’ എന്ന ബ്രാൻഡിന്റെ വീഗൻ ബേക്കൺ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്നും തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). ഉൽപ്പന്നത്തിൽ ഗോതമ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് ഈ അടിയന്തര നടപടി. ഒന്റാരിയോയിലെ വിപണികളിലാണ് പ്രധാനമായും ഈ ഉൽപ്പന്നം വിറ്റഴിച്ചിരുന്നത്.
ഉൽപ്പന്നത്തിന്റെ പായ്ക്കറ്റിൽ നൽകിയിട്ടുള്ള ചേരുവകളുടെ പട്ടികയിൽ ഗോതമ്പിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല എന്നതാണ് പ്രധാന പ്രശ്നം. ഗോതമ്പ് അലർജിയുള്ളവർക്കോ, Celiac രോഗമുള്ളവർക്കോ ഈ ഉൽപ്പന്നം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ഏജൻസി ഈ മുന്നറിയിപ്പ് നൽകിയത്. എന്നാൽ നിലവിൽ ഇത് കഴിച്ചത് മൂലം ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

2026 സെപ്റ്റംബർ 24 വരെ കാലാവധിയുള്ള (Best Before Date) ബാച്ചുകളാണ് ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ ഉൽപ്പന്നം വാങ്ങിയിട്ടുള്ള ഉപഭോക്താക്കൾ ഇത് ഉപയോഗിക്കരുതെന്നും ഒന്നെങ്കിൽ ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ വാങ്ങിയ കടയിൽ തന്നെ തിരികെ നൽകണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപണിയിൽ നിന്ന് ഈ ഉൽപ്പന്നം നീക്കം ചെയ്യാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
