വിനിപെഗ്: പ്രകൃതിയിലെ അപൂർവ്വമായ സ്നേഹബന്ധത്തിന്റെ കാഴ്ചയുമായി കാനഡയിലെ മാനിറ്റോബ പ്രവിശ്യ. വടക്കൻ മാനിറ്റോബയിലെ ചർച്ചിൽ മേഖലയിൽ ധ്രുവക്കരടികളെ (Polar Bears) നിരീക്ഷിക്കുന്ന ഗവേഷകരാണ് ഒരു അമ്മക്കരടി കരടിക്കുട്ടിയെ ദത്തെടുത്ത് വളർത്തുന്നതായി കണ്ടെത്തിയത്. പശ്ചിമ ഹഡ്സൺ ബേ മേഖലയിൽ കഴിഞ്ഞ 45 വർഷമായി 4,600-ഓളം കരടികളിൽ നടത്തിയ പഠനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പതിമൂന്നാമത്തെ ദത്തെടുക്കൽ സംഭവമാണിത്. ‘X33991’ എന്ന് പേരിട്ടിരിക്കുന്ന അഞ്ചുവയസ്സുള്ള അമ്മക്കരടിയെ ഇക്കഴിഞ്ഞ വസന്തകാലത്താണ് ഗവേഷകർ ആദ്യം കാണുന്നത്. അന്ന് ഈ അമ്മക്കരടിയുടെ കൂടെ ഒരു കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. ഗവേഷകർ ആ കരടിയെ തിരിച്ചറിയാനായി ഒരു ‘ടാഗ്’ ധരിപ്പിക്കുകയും ചെയ്തു. ഡിസംബർ മാസത്തിൽ ഹഡ്സൺ ബേയിലെ മഞ്ഞുപാളികൾക്കിടയിൽ ഇവരെ വീണ്ടും കണ്ടപ്പോൾ അമ്മക്കരടിയുടെ കൂടെ രണ്ട് കുട്ടികളുണ്ടായിരുന്നു. ഇതിൽ ഒരെണ്ണത്തിന് ടാഗ് ഉണ്ടായിരുന്നു, മറ്റേ കുട്ടിക്ക് ടാഗ് ഉണ്ടായിരുന്നില്ല. ഇതിൽ നിന്നും വഴിയിൽ എവിടെയോ വച്ച് അനാഥനായി കണ്ട രണ്ടാമത്തെ കുട്ടിയെ അമ്മക്കരടി സ്വന്തം കുഞ്ഞായി സ്വീകരിച്ചതാണെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയിലെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.

സ്വന്തം അമ്മ കൊല്ലപ്പെടുകയോ മരിച്ചുപോവുകയോ ചെയ്യുമ്പോൾ കരടിക്കുട്ടികൾ അനാഥരാകുന്നു. ഇത്തരം കുട്ടികളെ മറ്റ് പെൺ കരടികൾ കൂടെക്കൂട്ടാറുണ്ട്. കരടികൾ കൂട്ടമായി സഞ്ചരിക്കുമ്പോൾ ചിലപ്പോൾ കുട്ടികൾക്ക് സ്വന്തം അമ്മയെ നഷ്ടപ്പെടുകയും അവർ മറ്റൊരു പെൺ കരടിയെ പിന്തുടരുകയും ചെയ്യാറുണ്ട്. സ്വന്തം കുഞ്ഞിനെ വളർത്തുന്ന സമയത്ത് പെൺ കരടികളിലുണ്ടാകുന്ന മാതൃസഹജമായ ഹോർമോൺ മാറ്റങ്ങൾ മറ്റ് കുട്ടികളെയും സംരക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുന്നതായി ഗവേഷകനായ ഇവാൻ റിച്ചാർഡ്‌സൺ പറഞ്ഞു. ധ്രുവക്കരടി കുട്ടികൾ മുതിർന്ന കരടികളായി വളരാനുള്ള സാധ്യത വെറും 50 ശതമാനം മാത്രമാണ്. എന്നാൽ ഒരു അമ്മയുടെ സംരക്ഷണം ലഭിക്കുന്നത് ഈ കുട്ടിയുടെ അതിജീവന സാധ്യത വർധിപ്പിക്കുന്നു. ധ്രുവക്കരടികൾ പരസ്പരം സംരക്ഷിക്കുന്നു എന്നത് വലിയൊരു പ്രത്യാശയാണ് നൽകുന്നത്” എന്ന് പോളാർ ബിയേഴ്സ് ഇന്റർനാഷണലിലെ ശാസ്ത്രജ്ഞ അലീസ മക്കോൾ പറഞ്ഞു. നിലവിൽ 10-11 മാസം പ്രായമുള്ള രണ്ട് കുട്ടികളുമായി മഞ്ഞുപാളികൾക്കിടയിൽ ഇര തേടുകയാണ് ഈ അമ്മക്കരടി.
