ഓട്ടവ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം താൽക്കാലികമായി നിർത്തിവച്ച് ഫെഡറൽ സർക്കാർ. രാജ്യത്തെ സാമ്പത്തിക സാഹചര്യം പരിഗണിച്ചാണ് ഈ നീക്കം. ഡിസംബർ 20-ന് പ്രാബല്യത്തിൽ വരാനിരുന്ന ഈ നിരോധനം നടപ്പിലാക്കിയാൽ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
പ്ലാസ്റ്റിക് കയറ്റുമതി മേഖലയിൽ നിന്ന് വലിയ വരുമാനമാണ് രാജ്യത്തിന് ലഭിക്കുന്നത്. പല കമ്പനികളും പ്ലാസ്റ്റിക്കിന് പകരമുള്ള ബദൽ മാർഗങ്ങളിലേക്ക് മാറിയെങ്കിലും, ഒട്ടേറെ ചെറുകിട ബിസിനസ്സുകൾ ഇപ്പോഴും പ്ലാസ്റ്റിക് നിർമ്മാണത്തെയാണ് ആശ്രയിക്കുന്നത്. നിരോധനം നിലവിൽ വന്നാൽ ഈ സ്ഥാപനങ്ങൾ പൂട്ടേണ്ടി വരുമെന്നും നിരവധി പേർക്ക് ജോലി നഷ്ടമാകുമെന്നും സർക്കാർ സൂചിപ്പിച്ചു.

അതേസമയം, കാനഡയ്ക്കുള്ളിലെ പ്ലാസ്റ്റിക് നിരോധനത്തിൽ മാറ്റമുണ്ടാകില്ല. പ്ലാസ്റ്റിക് ബാഗുകൾ, സ്ട്രോകൾ എന്നിവയുടെ ഉപയോഗത്തിന് രാജ്യത്തിനകത്തുള്ള നിയന്ത്രണം തുടരും. രാജ്യാന്തര വിപണിയിൽ കാനഡ പിന്മാറിയാലും മറ്റ് രാജ്യങ്ങൾ പ്ലാസ്റ്റിക് വിതരണം തുടരുമെന്നതിനാൽ, ആഗോളതലത്തിൽ മലിനീകരണം കുറയ്ക്കാൻ ഈ നിരോധനം കൊണ്ട് വലിയ ഗുണമുണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
