ഓട്ടവ: ക്രിസ്മസ് ദിനത്തിൽ പുലർച്ചെ ഓട്ടവയിലെ ബാർഹാവനിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഒരാൾ കാറിനുള്ളിൽ കുടുങ്ങി. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ സ്ട്രാൻഡ്ഹെർഡ് ഡ്രൈവ്, ഗ്രീൻബാങ്ക് റോഡ് സമീപമായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ഒരു വാഹനത്തിൻ്റെ അകത്ത് യാത്രക്കാരൻ കുടുങ്ങിപ്പോയിരുന്നു. അഗ്നിശമന സേനാംഗങ്ങൾ എത്തി പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് പത്ത് മിനിറ്റോളം പരിശ്രമിച്ച ശേഷമാണ് ഇയാളെ പുറത്തെടുത്തത്. ഇയാളെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട രണ്ടാമത്തെയാളെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല.

ഓട്ടവ പൊലീസിൻ്റെ സഹായത്തോടെ അഗ്നിശമന സേനയും പാരാമെഡിക്സ് വിഭാഗവും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ക്രിസ്മസ് ആഘോഷങ്ങൾക്കിടെ നടന്ന ഈ അപകടം പ്രദേശത്ത് അല്പനേരം ഗതാഗത തടസ്സമുണ്ടാക്കി.
