വത്തിക്കാൻ സിറ്റി: ഗാസയിലെ പലസ്തീൻ ജനത നേരിടുന്ന അതിദാരുണമായ മാനുഷിക ദുരന്തത്തിൽ ശക്തമായ പ്രതിഷേധവും വേദനയും രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. സ്ഥാനമേറ്റ ശേഷമുള്ള തന്റെ ആദ്യ ക്രിസ്മസ് സന്ദേശത്തിലാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് അദ്ദേഹം ലോകത്തോടായി വികാരാധീനമായ ആഹ്വാനം നടത്തിയത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടത്തിയ തന്റെ ആദ്യ ക്രിസ്മസ് സന്ദേശത്തിലാണ് ലിയോ പതിനാലാമൻ മാർപാപ്പ ഗാസയിൽ പലസ്തീനികൾ നേരിടുന്ന മാനുഷിക ദുരന്തത്തെ ശക്തമായി അപലപിച്ചത്. നമുക്കിടയിൽ “അവൻറെ ദുർബലമായ കൂടാരം ദൈവം സ്ഥാപിച്ചു” എന്ന് പറഞ്ഞ മാർപാപ്പ, ആഴ്ചകളോളം മഴയും കാറ്റും തണുപ്പുമേറ്റ് കഴിയുന്ന ഗാസയിലെ കൂടാരങ്ങളെക്കുറിച്ച് നമുക്ക് എന്തുകൊണ്ട് ചിന്തിക്കാൻ കഴിയുന്നില്ല എന്ന് ചോദിച്ചു. കഴിഞ്ഞ ദിവസം നൽകിയ സന്ദേശത്തിൽ, അമേരിക്കൻ ഭൂഖണ്ഡത്തിലെ കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും അവസ്ഥയിൽ അദ്ദേഹം ദുഃഖം പ്രകടിപ്പിച്ചു. ദരിദ്രരെയും അപരിചിതരെയും സഹായിക്കാൻ വിസമ്മതിക്കുന്നത് ദൈവത്തെ തന്നെ നിരസിക്കുന്നതിന് തുല്യമാണെന്നും പോപ്പ് പറഞ്ഞു.

ഇന്ന് രാത്രി ബെത്‌ലഹേമിൽ സമാധാന രാജകുമാരന്റെ ജനനം ആഘോഷിക്കുമ്പോൾ, സുരക്ഷിതമായ ഇടമോ ഭക്ഷണമോ മരുന്നോ പ്രതീക്ഷയോ ഇല്ലാത്ത ഗാസയിലെ അമ്മമാരുടെയും കുട്ടികളുടെയും നിലവിളികളാൽ നമ്മുടെ ഹൃദയം ഭാരപ്പെട്ടിരിക്കുകയാണെന്ന് വിറയാർന്ന ശബ്‌ദത്തിൽ മാർപാപ്പ പറഞ്ഞു. ഗാസയിലെ അവസ്ഥ അസഹനീയമാണ്. അവശിഷ്ടങ്ങൾക്കിടയിലാണ് കുടുംബങ്ങൾ ജീവിക്കുന്നത്. രോഗങ്ങളാൽ കുട്ടികൾ മരിക്കുന്നു. പരിക്കേറ്റവർക്ക് അടിസ്ഥാന പരിചരണം പോലുമില്ല. ഇത് യുദ്ധമല്ല, മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്ന നരകമാണിതെന്നും പാപ്പ പറഞ്ഞു. പ്രതികാരത്തിന്റെ യുക്തി ഉപേക്ഷിക്കണമെന്നും പലസ്തീനികളുടെയും ഇസ്രയേലികളുടെയും അവകാശങ്ങളെ മാനിച്ചുകൊണ്ട് ശാശ്വതമായ സമാധാനത്തിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മൂന്നാം വർഷത്തിലേക്ക് കടക്കുന്ന ഗാസ യുദ്ധത്തിൽ ഇതിനോടകം 70,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഏകദേശം 20 ലക്ഷത്തോളം പേർ പലായനം ചെയ്യപ്പെട്ടു. മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയുടെ സാമൂഹിക നീതിയിലധിഷ്ഠിതമായ നിലപാടുകൾ തുടരുമെന്ന സൂചനയാണ് ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് സന്ദേശം നൽകുന്നത്.
