ഓട്ടവ: കാനഡയിൽ വിറ്റഴിച്ച 25,000-ത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിക്കാനൊരുങ്ങി പ്രമുഖ കാർ നിർമ്മാതാക്കളായ പോർഷ്. വാഹനത്തിലെ റിയർവ്യൂ കാമറയുടെ ദൃശ്യങ്ങൾ സ്ക്രീനിൽ തെളിയാത്തതാണ് ഇതിന് കാരണം. വാഹനം റിവേഴ്സ് എടുക്കുമ്പോൾ പിന്നിലെ കാഴ്ചകൾ വ്യക്തമാകാത്തത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം എന്നതിനാലാണ് കമ്പനി ഈ സുരക്ഷാ നടപടി സ്വീകരിച്ചിരിക്കുന്നത്.
2019 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ പുറത്തിറങ്ങിയ പോർഷിന്റെ ജനപ്രിയ മോഡലുകളെയാണ് ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്. പോർഷ് 911 കരേര, 911 ടർബോ, കായീൻ (Cayenne), പാനമേര, തായ്‌കാൻ (Taycan) എന്നീ മോഡലുകൾ ഇതിൽ ഉൾപ്പെടുന്നു. വാഹനം റിവേഴ്സ് ഗിയറിലേക്ക് മാറ്റുമ്പോൾ കാമറ ദൃശ്യങ്ങൾ കൃത്യമായി തെളിയണമെന്ന കാനഡയിലെ സുരക്ഷാ നിയമങ്ങളുടെ ലംഘനം കൂടിയാണിത്.

വാഹനത്തിലെ സോഫ്റ്റ്‌വെയർ തകരാറാണ് ഈ പ്രശ്നത്തിന് പിന്നിലെന്ന് കമ്പനിയുടെ കണ്ടെത്തൽ. തകരാർ ബാധിച്ച വാഹനങ്ങളുടെ ഉടമകളെ കമ്പനി നേരിട്ട് വിവരമറിയിക്കും. ഉടമകൾ വാഹനം ഡീലർഷിപ്പുകളിൽ എത്തിച്ച് ‘ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം’ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യണമെന്നും ഇതിലൂടെ പ്രശ്നം പരിഹരിക്കാമെന്നും പോർഷ് വ്യക്തമാക്കി.
