ഷാർലെറ്റ് ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ (P.E.I.) സോഷ്യൽ മീഡിയയിലൂടെ ജൂതവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ച 25-കാരനെതിരെ വിദ്വേഷ കുറ്റകൃത്യത്തിന് കേസെടുത്ത് പൊലീസ്. പ്രവിശ്യയിൽ ആദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോർട്ട് ചെയ്യുന്നത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ മാത്തൻ റൂണിഗൻ എന്ന യുവാവിനെതിരെയാണ് RCMP നടപടിയെടുത്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്ത തോക്കും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു.
ജൂതസമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിഹ്നങ്ങളും സന്ദേശങ്ങളും ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ജൂതന്മാർ ശത്രുക്കളാണ് എന്നതടക്കമുള്ള കുറിപ്പുകളാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. വെറുപ്പ് പടർത്തുന്ന ഇത്തരം സന്ദേശങ്ങൾ സമൂഹത്തിന് വലിയ ഭീഷണിയാണെന്നും പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് യുവാവിനെതിരെ കർശന നടപടി സ്വീകരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

കാനഡയിലുടനീളം ജൂതസമൂഹത്തിനെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ വലിയ തോതിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അറസ്റ്റ്. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പൊലീസിന് കൂടുതൽ അധികാരം നൽകുന്ന പുതിയ നിയമങ്ങൾ (Bill C-9) വരുന്നതോടെ ഇത്തരം കേസുകളിൽ നടപടികൾ വേഗത്തിലാകുമെന്ന് അധികൃതർ വ്യക്തമാക്കി.
