യാകുത്സ്ക്: റഷ്യയിലെ സൈബീരിയന്‍ മേഖലയായ യാകുത്യയില് അതിശൈത്യം സര്‍വ്വകാല റെക്കോര്‍ഡുകളിലേക്ക്. ഡിസംബര്‍ പകുതിയോടെ മേഖലയിലെ താപനില 52 °C മുതല്‍ 56 °C വരെ താഴ്ന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ടാറ്റിന്സ്കി ഉലസ് പോലുള്ള ഭാഗങ്ങളിലാണ് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും തണുപ്പേറിയ നഗരമായ യാകുത്സ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
അതിശൈത്യം കാരണം മേഖലയിലെ സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയെങ്കിലും, ഇവിടുത്തെ ജനങ്ങള്‍ തങ്ങളുടെ ദൈനംദിന ജീവിതം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുകയാണ്. അതിശയിപ്പിക്കുന്ന കാര്യമെന്തെന്നാല്‍, ഈ കൊടും തണുപ്പിലും മീന്‍ ചന്തകളും പൊതുഗതാഗതവും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഐസ് കട്ട പോലെ ഉറച്ച മീനുകള്‍ നേരിട്ട് വില്‍ക്കുന്ന കാഴ്ച ഇവിടെ സാധാരണമാണ്.

മുട്ടുസൂചി പോലും ഇറങ്ങാത്ത വിധം പല പാളികളായുള്ള വസ്ത്രധാരണമാണ് ഇവിടുത്തെ രീതി. മൃഗങ്ങളുടെ രോമം കൊണ്ടുണ്ടാക്കിയ പ്രത്യേക തൊപ്പികളും ബൂട്ടുകളും ധരിച്ചാണ് ഇവര്‍ പുറത്തിറങ്ങുന്നത്. പൂജ്യം ഡിഗ്രിക്ക് താഴെ പോകുമ്പോള്‍ വാഹനങ്ങളുടെ എഞ്ചിന് ഓഫാക്കാതെ തന്നെ സൂക്ഷിക്കാറാണ് പതിവ്. എഞ്ചിന് ഓഫ് ചെയ്താല്‍ അത് പിന്നീട് സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത വിധം തണുത്തുറഞ്ഞു പോകും എന്നതാണ് ഇതിന് കാരണം.
ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജവും ചൂടും നിലനിര്‍ത്താന്‍ മാംസാഹാരങ്ങള്‍ക്കും ചൂടുള്ള ചായയ്ക്കും ഇവര്‍ വലിയ പ്രാധാന്യം നല്കുന്നു. പുറത്ത് ജോലി ചെയ്യുന്നവര്‍ ഫ്ലാസ്കില്‍ എപ്പോഴും ചൂടുചായ കരുതാറുണ്ട്. മനുഷ്യവാസമില്ലാത്ത അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ഭൂമിയിലെ ഏറ്റവും തണുപ്പേറിയ ജനവാസ കേന്ദ്രമാണ് യാകുത്യ. ഇവിടുത്തെ ഓയ്മ്യാക്കോണ് (Oymyakon) എന്ന ഗ്രാമത്തില്‍ മുന്‍പ് 71.2 °C വരെ താപനില താഴ്ന്നിട്ടുണ്ട്. ഒരു കാലത്ത് പ്രവാസികളെയും തടവുകാരെയും പാര്‍പ്പിച്ചിരുന്ന ഈ പ്രദേശം ഇന്ന് അതിന്റെ അതിശയിപ്പിക്കുന്ന തണുപ്പിന്റെ പേരില്‍ ലോകപ്രശസ്തമാണ്.
