വൻകൂവർ : ബി.സി. കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലേക്ക് മത്സരിക്കില്ലെന്ന് വ്യക്തമാക്കി നോർത്ത് ഐലൻഡ്-പവൽ റിവർ എംപി ആരോൺ ഗൺ. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറലുകൾക്ക് ഭൂരിപക്ഷ പദവി ലഭിക്കുന്നത് തടയാൻ ഫെഡറൽ രാഷ്ട്രീയത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിലെ ഭിന്നതയെ തുടർന്ന് രാജിവച്ച ജോൺ റസ്റ്റാഡിന് പകരക്കാരനായി അടുത്ത വർഷം പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ ബി.സി. കൺസർവേറ്റീവ് പാർട്ടി തയ്യാറെടുക്കുകയാണ്.

അതേസമയം പാറ്റിസൺ ഫുഡ് ഗ്രൂപ്പ് മുൻ പ്രസിഡൻ്റ് ഡാരെൽ ജോൺസ്, കൺസർവേറ്റീവ് എംഎൽഎമാരായ ഗാവിൻ ഡ്യൂ, ഹർമൻ ഭാംഗു, പീറ്റർ മിലോബാർ, മുൻ ഫെഡറൽ എംപി കെറി-ലിൻ ഫിൻഡ്‌ലേ എന്നിവരും ടോറി നേതൃത്വത്തിലേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
