സ്കാർബ്റോ : ടൊറന്റോയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ‘ടീം ഗരുഡൻസ്’ സംഘടിപ്പിക്കുന്ന വിന്റർ ബെൽസ് രണ്ടാം സീസൺ ക്രിസ്മസ് ആഘോഷത്തിന് ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് കലാവിരുന്നൊരുക്കും. ഡിസംബർ 27-ന് വൈകിട്ട് 5:30-ന് ചൈനീസ് കൾച്ചറൽ സെന്ററിൽ നടക്കുന്ന ഈ മെഗാ ഷോയിൽ, മോഹൻലാലിനോടുള്ള ആദരസൂചകമായി ഗാനങ്ങളും നൃത്തങ്ങളും സ്കിറ്റുകളും ഉൾപ്പെടുന്ന ‘ദ് ബിഗ്ബോസ് ഷോ’ അവതരിപ്പിക്കും. വടക്കൻ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷമൊരുക്കിയ മഹാഓണം ടീമാണ് ഷോയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. അപ്പാപ്പനും മോനും ലൈവ് ഷോയിലൂടെ പ്രശസ്തനായ ജെഡിയുടെ സംവിധാനത്തിൽ അൻപതിലേറെ പ്രാദേശിക കലാകാരന്മാർ വേദിയിലെത്തും.

മെന്റലിസം, ലൈവ് ബാൻഡ് എന്നിവയും ഉൾപ്പെടുന്ന ഈ പരിപാടി ഗ്രേറ്റർ ടൊറന്റോ മേഖലയിലെ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷങ്ങളിലൊന്നായിരിക്കുമെന്ന് മുഖ്യസംഘാടകൻ ജെറിൻ രാജും ടീം ഗരുഡൻസിലെ ജോഷിയും അറിയിച്ചു. വിജയ് തനിഗസലം എംപിപി ടിക്കറ്റ് പ്രകാശനം നിർവ്വഹിച്ച പരിപാടിയുടെ മെഗാ സ്പോൺസർ റിയൽറ്റർ ജിയോ ജോസാണ്. കിളിക്കൂട് മീഡിയ വഴി 25 ഡോളറിന് ടിക്കറ്റുകൾ ലഭ്യമാണ്. കട്ടനും പാട്ടും എന്ന ഹിറ്റ് പരിപാടിക്ക് ശേഷം ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് ഒരുക്കുന്ന ഈ ഷോ വലിയ ആവേശത്തോടെയാണ് മലയാളി സമൂഹം കാത്തിരിക്കുന്നത്.
