ഓട്ടവ : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കയറ്റുമതി നിരോധനം താൽക്കാലികമായി പിൻവലിച്ച് കാനഡ. താരിഫുകളും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതോടെയാണ് തീരുമാനം. ശനിയാഴ്ച പുറത്തിറക്കിയ ‘കാനഡ ഗസറ്റ്’ വിജ്ഞാപനത്തിലൂടെ നിരോധനത്തിൽ നിന്നുള്ള ഇളവുകളെക്കുറിച്ച് സർക്കാർ പൊതുജനങ്ങളുമായി കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്. കയറ്റുമതി നിരോധനം ഡിസംബർ 20 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചിരുന്നു. അതേസമയം ഗ്രോസറി ബാഗുകൾ, സ്ട്രോകൾ, കട്ട്ലറികൾ, ക്യാനുകൾക്കുള്ള റിങ് കാരിയറുകൾ തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ ആഭ്യന്തര നിരോധനം തുടരും.

കയറ്റുമതി നിരോധനം നടപ്പിലാക്കുന്നതിലൂടെ ലഭിക്കുന്ന പാരിസ്ഥിതിക ഗുണത്തേക്കാൾ കൂടുതൽ, രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് അതുണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്ന് ഫെഡറൽ സർക്കാർ വിലയിരുത്തി. 2023-ൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കയറ്റുമതിയിലൂടെ കാനഡ 3,500 കോടി ഡോളർ വരുമാനം നേടിയിരുന്നു. അതേസമയം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്ന പല കമ്പനികളും പേപ്പർ, കമ്പോസ്റ്റബിൾ തുടങ്ങിയവയിലേക്ക് മാറിയിട്ടുണ്ടെങ്കിലും കയറ്റുമതി നിരോധിച്ചാൽ ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കെയാണ് പുതിയ നീക്കം.
