കൊച്ചി: നഗരസഭയുടെ അമരത്തേക്ക് കോൺഗ്രസിന്റെ വികെ മിനിമോൾ. ആവേശകരമായ പോരാട്ടത്തിനൊടുവിൽ എൽഡിഎഫ് ഭരണം അട്ടിമറിച്ചാണ് യുഡിഎഫ് അധികാരം പിടിച്ചെടുത്തത്. 76 അംഗ കൗൺസിലിൽ 48 വോട്ടുകൾ നേടിയാണ് മിനിമോൾ വിജയിച്ചത്. പാലാരിവട്ടം ഡിവിഷനെ പ്രതിനിധീകരിക്കുന്ന അവർ ഇത് നാലാം തവണയാണ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജില്ലാ കളക്ടർ ജി. പ്രിയങ്ക മുമ്പാകെ മിനിമോൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സൗമിനി ജെയിനിന് ശേഷം കൊച്ചി മേയറാകുന്ന വനിതാ നേതാവാണ് മഹിളാ കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷയായ ഇവർ. എൽഡിഎഫ് സ്ഥാനാർത്ഥി ജഗദംബികയ്ക്ക് 22 വോട്ടും എൻഡിഎയുടെ പ്രിയ പ്രശാന്തിന് 6 വോട്ടുമാണ് ലഭിച്ചത്.

അധികാരം പങ്കിടുന്നതിലെ ടേം വ്യവസ്ഥയനുസരിച്ചാണ് മിനിമോൾ പദവിയിലെത്തിയത്. ഇതനുസരിച്ച് ആദ്യ രണ്ടര വർഷം മാത്രമായിരിക്കും ഇവർ മേയറായി ഇരിക്കുക. അതിനുശേഷം സ്ഥാനമൊഴിയുകയും പകരം ഫോർട്ടുകൊച്ചിയിൽ നിന്നുള്ള ഷൈനി മാത്യു മേയറായി ചുമതലയേൽക്കുകയും ചെയ്യും. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുമെന്ന് ചുമതലയേറ്റ ശേഷം മിനിമോൾ വ്യക്തമാക്കി.
