ഓട്ടവ : ശൈത്യതരംഗത്തിൽ വിറങ്ങലിച്ച് കാനഡ. രാജ്യത്തുടനീളം ശക്തമായ മഞ്ഞുവീഴ്ചയും മഞ്ഞുമഴയും തുടരുന്നതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. തെക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. വിൻസർ മേഖലയിലും ഗ്രേറ്റർ ടൊറൻ്റോയുടെ ചില ചില ഭാഗങ്ങളിലും വൈകുന്നേരം വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. സൂ സെ മാരി, തണ്ടർ ബേ, ഡ്രൈഡൻ വരെയുള്ള പ്രദേശങ്ങളിൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴും.

ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, യൂകോൺ എന്നിവയുടെ വടക്കൻ ഭാഗങ്ങളിൽ അതിശൈത്യമുണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ്പ് നൽകി. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രവിശ്യയുടെ കിഴക്കൻ തീരത്ത് ഹിമപാത സാധ്യതയുണ്ട്. കൂടാതെ 60 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ വരെ ഏകദേശം 5,300 ഉപയോക്താക്കൾ ഇരുട്ടിലാണെന്ന് ന്യൂഫിൻലൻഡ് പവർ അറിയിച്ചു.
