Saturday, December 27, 2025

80 കോടി സർക്കാർ ഫണ്ട് ‘അഡൽറ്റ് ക്ലബ്ബി’ ലേക്ക്‌; ഒന്റാരിയോ സർക്കാരിനെതിരെ പുതിയ വിവാദം

ടൊറൻ്റോ: തൊഴിലാളികൾക്ക് പരിശീലനം നൽകുന്നതിനായി സർക്കാർ അനുവദിച്ച 80 കോടിയിലധികം അഡൽറ്റ് എന്റർടൈൻമെന്റ് ക്ലബ്ബിലെത്തിയെന്ന വെളിപ്പെടുത്തൽ പുതിയ വിവാദമായി. ടൊറന്റോ എക്സിബിഷൻ ഗ്രൗണ്ടിലെ ഹോർട്ടികൾച്ചർ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ‘FYE Ultraclub’ എന്ന സ്ഥാപനമാണ് വിവാദത്തിലായത്‌. ബർലെസ്ക് നൃത്ത പ്രകടനങ്ങൾ നടത്തുന്ന അഡൽറ്റ് എന്റർടൈൻമെന്റ് ക്ലബ്ബ്‌ ലൈസൻസുള്ള സ്ഥാപനമാണിത്‌. പുതിയ തൊഴിൽ മേഖലകളിൽ പരിശീലിപ്പിക്കുന്നതിനായി ‘സ്കിൽസ് ഡെവലപ്‌മെന്റ് ഫണ്ടിൽ’ (SDF) നിന്നാണ്‌ വൻതുക നാലു വർഷത്തേയ്‌ക്ക്‌ അനുവദിച്ചത്. ഈ തുക കൈപ്പറ്റിയ ഏജൻസി പ്രവർത്തിക്കുന്നത് ഇതേ ക്ലബ്ബ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണെന്നതാണ്‌ വിവാദമുണ്ടാക്കിയത്‌. ക്ളബ്ബ് ഉടമ സ്ലാറ്റ്കോ സ്റ്റാർക്കോവ്സ്കിക്ക് പ്രീമിയർ ഡഗ് ഫോർഡിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. ഇതൊരു സ്ട്രിപ്പ് ക്ലബ്ബാണോ അതോ പരിശീലന കേന്ദ്രമാണോ എന്നും സർക്കാർ പണം ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് മാരിറ്റ് സ്റ്റൈൽസ് ആരോപിച്ചു.

ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ച സർക്കാർ, ഫണ്ട് നൽകിയത് ‘സോഷ്യൽ ഇക്വാലിറ്റി ആൻഡ് ഇൻക്ലൂഷൻ സെന്ററിനാണെന്നും ഈ പണം ഹോസ്പിറ്റാലിറ്റി മേഖലയിലെ പരിശീലനത്തിനാണ് ഉപയോഗിച്ചതെന്നും പുതിയ നൈറ്റ് ക്ലബ്ബുമായി ഇതിന് ബന്ധമില്ലെന്നും പ്രീമിയർ ഓഫീസ്‌ വ്യക്തമാക്കി. താൻ സ്ട്രിപ്പർമാരെ പരിശീലിപ്പിക്കുന്നില്ലെന്നും, തന്റെ ക്ലബ്ബിലെ കലാകാരന്മാർ ബർലെസ്ക്, തിയറ്റർ ഡാൻസ് എന്നിവയിൽ വിദഗ്ധരാണെന്നും സ്റ്റാർക്കോവ്സ്കി പറഞ്ഞു. ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ നേരത്തെ തന്നെ സർക്കാരിന്റെ ഫണ്ട് വിതരണം സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ പുതിയ വെളിപ്പെടുത്തലുകൾ ഫോർഡ് സർക്കാരിനെ പ്രതിരോധത്തിലാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!