എഡ്മിന്റൻ : ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി എട്ടു മണിക്കൂറോളം കാത്തുനിന്ന ഇന്ത്യൻ വംശജൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ആൽബർട്ട സർക്കാർ. സംഭവത്തിൽ അക്യൂട്ട് കെയർ ആൽബർട്ടയും കവനന്റ് ഹെൽത്തും സംയുക്തമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി മാറ്റ് ജോൺസ് നിർദ്ദേശം നൽകി. 44 വയസ്സുകാരനായ പ്രശാന്ത് ശ്രീകുമാറാണ് കഴിഞ്ഞ തിങ്കളാഴ്ച എമർജൻസി വിഭാഗത്തിൽ വെച്ച് മരണപ്പെട്ടത്. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ പ്രശാന്തിന് പ്രാഥമിക പരിശോധനകൾക്ക് ശേഷം മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നുവെന്നും, ഈ സമയത്തിനുള്ളിൽ രക്തസമ്മർദ്ദം ഉയർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നും സുഹൃത്തുക്കൾ ആരോപിച്ചു.

പ്രശാന്തിന്റെ കുടുംബത്തിന് പിന്തുണയുമായി സുഹൃത്തുക്കൾ ഗോഫണ്ട് വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രശാന്ത് കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്നു. ചികിത്സാ പിഴവിനെക്കുറിച്ച് സുതാര്യമായ അന്വേഷണം വേണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
