ഓട്ടവ: യുക്രെയ്നിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സമാധാന ചർച്ചകൾക്കിടെ, യുക്രെയ്ന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി മാർക്ക് കാർണി . വെള്ളിയാഴ്ച നടന്ന ഫോൺ സംഭാഷണത്തിൽ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളും നിലവിലെ സാഹചര്യങ്ങളും മാർക്ക് കാർണിയും യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയും വിലയിരുത്തി.

റഷ്യയെ ചർച്ചാ മേശയിലേക്ക് കൊണ്ടുവരുന്നതിനും തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും അന്താരാഷ്ട്ര തലത്തിലുള്ള സമ്മർദ്ദം ശക്തമായി തുടരണമെന്ന് സെലൻസ്കിയുമായുള്ള സംഭാഷണത്തിൽ മാർക്ക് കാർണി ഊന്നിപ്പറഞ്ഞു.
യുക്രെയ്നിന്റെ പരമാധികാരവും സുരക്ഷയും മുൻനിർത്തിയുള്ള ശാശ്വതമായ ഒരു പരിഹാരമാണ് ചർച്ചകളിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി വരും ദിവസങ്ങളിലും സഖ്യകക്ഷികളുമായി ചേർന്ന് കാനഡ പ്രവർത്തിക്കുമെന്ന് ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു. റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ യുക്രെയ്ന് നയതന്ത്രപരമായും സൈനികമായും പിന്തുണ നൽകുന്ന മുൻനിര രാജ്യങ്ങളിലൊന്നാണ് കാനഡ.
