കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് സ്വമേധയാ കേസെടുത്തിട്ടും വിവാദ പോസ്റ്റ് നീക്കം ചെയ്യാൻ എന്‍. സുബ്രഹ്മണ്യൻ തയ്യാറായിട്ടില്ല.
മുഖ്യമന്ത്രിയും പ്രതിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരുന്നത്. എന്നാൽ, ഇതിൽ ഒരു ചിത്രം കൃത്രിമമായി നിർമിച്ചതാണെന്നും (AI Generated) മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനാണ് ഇത് ഉപയോഗിച്ചതെന്നും സിപിഎം ആരോപിച്ചു. ഈ ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന വസ്തുതകൾ ഉടൻ പുറത്തുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് എൻ. സുബ്രഹ്മണ്യൻ പ്രതികരിച്ചു. ഇതേ ചിത്രം പങ്കുവെച്ച ബിജെപി നേതാക്കൾക്കും വാർത്താ ചാനലുകൾക്കുമെതിരെ കേസില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനെ വിമർശിക്കുന്നവരെ നിശബ്ദരാക്കാനുള്ള നീക്കമാണിതെന്നും നിയമനടപടികളെ നേരിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് തീരുമാനമെടുക്കും.
