ബെയ്ജിങ്: മനുഷ്യവ്യക്തിത്വങ്ങളെയും സംസാരരീതിയെയും അനുകരിക്കുകയും ഉപയോക്താക്കളുമായി വൈകാരിക ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സേവനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ചൈന. ആളുകൾക്കിടയിൽ ആസക്തി, മാനസിക പ്രത്യാഘാതങ്ങൾ എന്നിവ കുറയ്ക്കാൻ ചൈനീസ് സൈബർ റെഗുലേറ്ററായ സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈന (CAC) ശനിയാഴ്ചയാണ് പുതിയ കരട് നിയമങ്ങൾ പുറത്തിറക്കിയത്.എഐ സേവനങ്ങൾ അമിതമായി ഉപയോഗിക്കുന്നതിനെതിരെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാൻ കമ്പനികൾ ബാധ്യസ്ഥരാണെന്നും സി.എ.സി മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളിൽ അമിതമായ ആസക്തിയുടെയോ വൈകാരികമായ അടിമത്തത്തിന്റെയോ ലക്ഷണങ്ങൾ കണ്ടാൽ കമ്പനികൾ നേരിട്ട് ഇടപെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം. ഉപയോക്താക്കളുടെ വൈകാരിക അവസ്ഥകൾ തിരിച്ചറിയാനും അവർ എ.ഐയെ എത്രത്തോളം ആശ്രയിക്കുന്നു എന്ന് വിലയിരുത്താനും കമ്പനികൾ സംവിധാനമൊരുക്കണം. ഉപയോക്താവ് അമിതമായ വികാരങ്ങളോ മാനസിക സമ്മർദ്ദമോ പ്രകടിപ്പിച്ചാൽ എ.ഐ സേവനം നിയന്ത്രിക്കണം.

എഐ ഉത്പന്നം നിർമ്മിക്കുന്നത് മുതൽ വിതരണം ചെയ്യുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കമ്പനികൾക്കാണ്. അൽഗോരിതം പരിശോധന, ഡാറ്റാ സുരക്ഷ, സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദേശീയ സുരക്ഷയെ ബാധിക്കുന്നതോ, വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതോ, അശ്ലീലതയോ അക്രമമോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ എഐ നിർമ്മിക്കാൻ പാടില്ലെന്ന് നിയമം കർശനമായി നിർദ്ദേശിക്കുന്നു. ചൈനയിൽ എഐ അധിഷ്ഠിത ചാറ്റ്ബോട്ടുകളും ‘വെർച്വൽ സുഹൃത്തുക്കളും’ യുവാക്കൾക്കിടയിൽ വൻതോതിൽ പ്രചാരത്തിലുണ്ട്. ഇത് സാമൂഹികമായ ഒറ്റപ്പെടലിനും എഐയോടുള്ള മാനസികമായ അടിമത്തത്തിനും കാരണമാകുന്നു എന്ന നിരീക്ഷണത്തെ തുടർന്നാണ് സർക്കാരിൻ്റെ കടുത്ത
നടപടി.
