മൺട്രിയോൾ: കെബെക്കിലെ മോണ്ടെറെജി മേഖലയിലെ ഹാവ്‌ലോക്കിന് സമീപം ഹെയ്തി വംശജരായ അനധികൃത കുടിയേറ്റ സംഘത്തെ അറസ്റ്റ് ചെയ്‌തതായി ആർസിഎംപി അറിയിച്ചു. യുഎസ് അതിർത്തിയിൽ നിന്ന് കാനഡയിലേക്ക് അനധികൃതമായി കടന്ന 19 പേരടങ്ങുന്ന സംഘത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് ബോർഡർ പട്രോളിൽ (USBP) നിന്നുള്ള റിപ്പോർട്ടിനെത്തുടർന്നാണ് പിടികൂടിയത്. ഒരു വയസ്സ് മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർ ഈ സംഘത്തിൽ ഉള്ളതായി ആർസിഎംപി പറയുന്നു.

ചാംപ്ലെയിൻ, വാലിഫീൽഡ് ഇന്റഗ്രേറ്റഡ് ബോർഡർ എൻഫോഴ്‌സ്‌മെന്റ് ടീമുകളിലെ (ഐബിഇടി) ഉദ്യോഗസ്ഥർ വ്യാഴാഴ്ച്ച രാത്രി 7 മണിയോടെയാണ് കാട്ടിൽ ഒളിച്ചിരിന്ന 15 പേരുടെ ആദ്യ സംഘത്തെ കണ്ടെത്തിയത്. ശേഷം കൊടും തണുപ്പിൽ മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിൽ, രാത്രി 10:30 ഓടെ സംഘത്തിലെ ബാക്കിയുള്ളവരെ കണ്ടെത്തുകയായിരുന്നു. കഠിനമായ ശൈത്യകാലാവസ്ഥ കാരണം, എട്ട് പേരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആർസിഎംപി അറിയിച്ചു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
