സെന്റ് ജോൺസ് : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ ശക്തമായ മഞ്ഞുവീഴ്ചയും കാറ്റും തുടരുന്നതായി റിപ്പോർട്ട്. പടിഞ്ഞാറൻ ന്യൂഫിൻലൻഡിലെ ഉയർന്ന പ്രദേശങ്ങളിൽ 65 സെന്റിമീറ്ററിലധികം മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. ഗ്രീൻ ബേ, വൈറ്റ് ബേ മേഖലകളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

മോശം കാലാവസ്ഥയെത്തുടർന്ന് റോഡ് യാത്രകൾ അപകടകരമായ നിലയിലാണെന്ന് അധികൃതർ അറിയിച്ചു. ലാബ്രഡോറിലെ ചില പ്രധാന റോഡുകൾ അടയ്ക്കുകയും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തു. നോർത്ത് സിഡ്‌നി – പോർട്ട് ഓക്സ് ബാസ്‌ക്സ് വഴിയുള്ള ഫെറി സർവീസുകളും സെന്റ് ജോൺസ് വിമാനത്താവളത്തിൽ നിന്നുള്ള പല വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ തുടർച്ചയായ മഞ്ഞുവീഴ്ച ടൂറിസം മേഖലയ്ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കോർണർ ബ്രൂക്ക് പോലുള്ള നഗരങ്ങൾ.
