ന്യൂഡൽഹി: ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ വീണ്ടും ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഫെബ്രുവരിയിൽ കാനഡ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നയതന്ത്ര ബന്ധത്തിലെ ഉലച്ചിലുകൾ കാരണം രണ്ട് വർഷത്തിലേറെയായി നിലച്ചുപോയ ചർച്ചകളാണ് ഇതോടെ പുനരാരംഭിക്കുന്നത്.

കാനഡയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ (സിഇപിഎ) കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നയതന്ത്ര തലത്തിലുള്ള വെല്ലുവിളികൾ നിലനിൽക്കെ തന്നെ, സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഒരു പുതിയ ചട്ടക്കൂട് രൂപീകരിക്കാൻ കഴിഞ്ഞ നവംബറിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. പിയൂഷ് ഗോയലിന്റെ സന്ദർശനം ഈ ചർച്ചകൾക്ക് പുതിയ വേഗത നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
