എഡ്മിന്‍റൻ : ചികിത്സ ലഭിക്കാൻ വൈകിയതിനെ തുടർന്ന് ഇന്ത്യൻ വംശജൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആൽബർട്ട ഹോസ്‌പിറ്റൽ, സർജിക്കൽ ഹെൽത്ത് സർവീസസ് മന്ത്രി മാറ്റ് ജോൺസ്. പ്രശാന്ത് ശ്രീകുമാറിന്റ മരണത്തിൽ, ഉന്നതതല അവലോകനം നടത്താൻ അക്യൂട്ട് കെയർ ആൽബർട്ട (ACA), കവനന്റ് ഹെൽത്ത് എന്നിവയോട് നിർദ്ദേശിച്ചതായി മാറ്റ് ജോൺസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. അന്വേഷണ ഏജൻസികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും ഹോസ്‌പിറ്റൽ , സർജിക്കൽ ഹെൽത്ത് സർവീസസ് മന്ത്രാലയം സ്ഥിരീകരിച്ചു. പ്രശാന്ത് ശ്രീകുമാറിന്റ മരണത്തിൽ മാറ്റ് ജോൺസ് അനുശോചനം രേഖപ്പെടുത്തി.

പ്രശാന്ത് ശ്രീകുമാര്‍ എന്ന നാല്‍പ്പത്തിനാലുകാരൻ ഹൃദയാഘാതം മൂലം മരിച്ചത് ചികിത്സ വൈകിയതിനെ തുടര്‍ന്നാണെന്ന് ആക്ഷേപം. ഡിസംബര്‍ 22 ന് ജോലിസ്ഥലത്ത് വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എഡ്മിന്‍റണിലെ ഗ്രേ നണ്‍സ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. എട്ടുമണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടെങ്കിലും കാര്യമായ പരിശോധ പോലും നടത്തിയില്ലെന്ന് പ്രശാന്തിന്റെ ഭാര്യ പറയുന്ന വിഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.
