ന്യൂഡൽഹി: ശ്രീനഗറിലെ ഷേറെ കാശ്മീർ അഗ്രികൾചറൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ജീൻ എഡിറ്റഡ് ചെമ്മരിയാട് തർമീമിന് ഒന്നാം പിറന്നാൾ. അറബി ഭാഷയിൽ ‘മാറ്റം വരുത്തിയത്’ അല്ലെങ്കിൽ ‘എഡിറ്റിംഗ്’ എന്നാണ് തർമീം എന്ന വാക്കിന്റെ അർത്ഥം. CRISPR-Cas9 എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഡി.എൻ.എയിൽ കൃത്യമായ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന ഒരു തരം ‘ബയോളജിക്കൽ കത്രിക’യാണ് ഈ സാങ്കേതികവിദ്യ. ചെമ്മരിയാടുകളുടെ പേശീ വളർച്ചയെ നിയന്ത്രിക്കുന്ന മയോസ്റ്റാറ്റിൻ എന്ന ജീനിലാണ് മാറ്റം വരുത്തിയത്. ഇതിലൂടെ സാധാരണ ആടുകളേക്കാൾ കൂടുതൽ ഇറച്ചി ഉത്‌പാദിപ്പിക്കാൻ ഇവയ്‌ക്ക് സാധിക്കും. തന്റെ കൂടെ ജനിച്ച മാറ്റം വരുത്താത്ത ഇരട്ടസഹോദരിയേക്കാൾ 10% കൂടുതൽ പേശീ വളർച്ച തർമീം ഇതിനോടകം കൈവരിച്ചു കഴിഞ്ഞു.

പ്രായമാകുന്നതോടെ ഇതിൽ 30% വരെ വർധനയുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. കാശ്മീർ താഴ്വരയിൽ പ്രതിവർഷം 60,000 ടൺ ആട്ടിറച്ചി ആവശ്യമുണ്ടെങ്കിലും പകുതിയോളം മാത്രമാണ് ഉത്‌പാദിപ്പിക്കുന്നത്. ജീൻ എഡിറ്റിംഗിലൂടെ ശരീരഭാരം വർധിപ്പിച്ച ആടുകളെ വളർത്തുന്നതിലൂടെ കുറഞ്ഞ എണ്ണം മൃഗങ്ങളിൽ നിന്ന് കൂടുതൽ ഇറച്ചി ഉത്‌പാദിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സാധിക്കും. ഇതൊരു കുഞ്ഞാടിന്റെ ജനനം മാത്രമല്ല, ഇന്ത്യയിലെ കന്നുകാലി വളർത്തൽ രംഗത്തെ പുതിയൊരു യുഗത്തിന്റെ തുടക്കമാണെന്നും ഷേറെ കാശ്മീർ അഗ്രികൾചറൽ യൂണിവേഴ്സിറ്റി പ്രൊഫ. നസീർ അഹമ്മദ് ഗനായ് പറഞ്ഞു.
