ധാക്ക: ബംഗ്ലാദേശിലെ പ്രശസ്ത റോക്ക് സംഗീതജ്ഞൻ ജെയിംസിന്റെ സംഗീത നിശയ്ക്ക് നേരെ ഇസ്ലാമിസ്റ്റ് ആൾക്കൂട്ടാക്രമണം നടത്തിയതായി റിപ്പോർട്ട്. ഫരീദ്പൂർ ജില്ലാ സ്കൂളിന്റെ 185-ാം വാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് അപ്രതീക്ഷിതമായി അക്രമം ഉണ്ടായത്. ഏകദേശം രാത്രി 9:30-ഓടെ ജെയിംസ് സ്റ്റേജിലെത്താൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ് ഒരു കൂട്ടം ആളുകൾ പരിപാടി സ്ഥലത്തേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞതോടെ ആൾക്കൂട്ടം അക്രമാസക്തമാവുകയും സ്റ്റേജിന് നേരെയും കാണികൾക്ക് നേരെയും കല്ലുകളും ഇഷ്ടികകളും എറിയുകയും ചെയ്തു. ഇതോടെ പരിപാടിക്ക് എത്തിയ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും പരിഭ്രാന്തരായി ഓടി. കല്ലേറിൽ ഏകദേശം 20 മുതൽ 25 വരെ വിദ്യാർത്ഥികൾക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾക്കിടയിൽ പെട്ടുപോയ ജെയിംസിനെ പരുക്കുകളില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

സ്ഥിതിഗതികൾ വഷളായതോടെ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം രാത്രി പത്തു മണിയോടെ പരിപാടി ഔദ്യോഗികമായി റദ്ദാക്കി. ഇത്തരം സാംസ്കാരിക പരിപാടികൾ നടത്തുന്നതിനെ എതിർത്തിരുന്ന ഒരു വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക റിപ്പോർട്ട്. തുടരാന്വേഷണം ഊർജിതമാക്കി പൊലീസ്.
