വാഷിങ്ടൺ: പ്രശസ്തമായ കെന്നഡി സെന്ററിന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് നൽകിയതിൽ പ്രതിഷേധിച്ച് സംഗീത പരിപാടി റദ്ദാക്കിയ കലാകാരനെതിരെ രൂക്ഷവിമർശനവുമായി സെന്റർ അധികൃതർ. ക്രിസ്മസ് തലേന്ന് നടത്താനിരുന്ന പരിപാടിയിൽ നിന്ന് പ്രശസ്ത സംഗീതജ്ഞൻ ചക്ക് റെഡ് പിന്മാറിയതാണ് വിവാദമായത്. ഈ രാഷ്ട്രീയ നാടകം മൂലം സ്ഥാപനത്തിനുണ്ടായ നഷ്ടത്തിന് പകരമായി 10 ലക്ഷം ഡോളർ നഷ്ടപരിഹാരം ഈടാക്കുമെന്നും കെന്നഡി സെന്റർ പ്രസിഡന്റ് റിച്ചാർഡ് ഗ്രെനൽ അറിയിച്ചു.
2006 മുതൽ കെന്നഡി സെന്ററിൽ പരിപാടികൾ അവതരിപ്പിക്കുന്ന ചക്ക് റെഡ്, കെട്ടിടത്തിന് പുറത്ത് ട്രംപിന്റെ പേര് പതിപ്പിച്ചത് കണ്ടതോടെയാണ് പിന്മാറ്റം പ്രഖ്യാപിച്ചത്. കെന്നഡി സെന്ററിനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ ട്രംപ് നടത്തിയ ശ്രമങ്ങളെ ആദരിക്കാനാണ് പേര് മാറ്റിയതെന്ന് ഗ്രെനൽ വ്യക്തമാക്കി.

1963-ൽ കൊല്ലപ്പെട്ട ജോൺ എഫ്. കെന്നഡിയുടെ സ്മരണാർത്ഥം സ്ഥാപിച്ച ഈ സ്മാരകത്തിന് മറ്റൊരാളുടെ പേര് നൽകുന്നത് നിയമവിരുദ്ധമാണെന്ന് കെന്നഡി കുടുംബം ആരോപിച്ചു. പാർലമെന്റിന്റെ അനുമതിയില്ലാതെ ഇത്തരമൊരു മാറ്റം വരുത്താൻ ബോർഡിന് അധികാരമില്ലെന്നും ട്രംപ് സ്ഥാനമൊഴിയുമ്പോൾ ഈ പേര് നീക്കം ചെയ്യുമെന്നും കെന്നഡിയുടെ ബന്ധുക്കൾ വ്യക്തമാക്കി.
