Saturday, December 27, 2025

ഹിപ്പ് ഹോപ്പ് റാപ്പർ റ്റുപാക് ഷക്കൂർ വധക്കേസ്: ‘പണത്തിനും പ്രശസ്തിക്കും വേണ്ടി കള്ളം പറഞ്ഞു’, മലക്കം മറിഞ്ഞ് മുഖ്യപ്രതി

ലാസ് വേ​ഗസ്: 1996-ൽ റാപ്പ് സംഗീത ഇതിഹാസം റ്റുപാക് ഷക്കൂർ കൊല്ലപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ഡുവാൻ ‘കെഫി ഡി’ ഡേവിസിനെതിരെയുള്ള തെളിവുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകർ. രാത്രികാലങ്ങളിൽ തിരച്ചിൽ നടത്താൻ പാടില്ലെന്ന നിയമം ലംഘിച്ചാണ് പൊലീസ് തെളിവുകൾ ശേഖരിച്ചതെന്ന് ലാസ് വേഗസ് ക്രിമിനൽ ഡിഫൻസ് അറ്റോർണി റോബർട്ട് ഡ്രാസ്കോവിച്ച് ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചു. ഡേവിസിനെ ഒരു അപകടകാരിയായ മയക്കുമരുന്ന് മാഫിയ തലവനായി പൊലീസ് കോടതിയിൽ തെറ്റായി ചിത്രീകരിച്ചുവെന്നാണ് വാദം.

60 വയസ്സുകാരനായ ഡേവിസ് 2008-ൽ തന്നെ മയക്കുമരുന്ന് വ്യാപാരം ഉപേക്ഷിച്ചതാണെന്നും കാൻസറിനെ അതിജീവിച്ച അദ്ദേഹം ഭാര്യയോടും മക്കളോടും ഒപ്പം വിശ്രമജീവിതം നയിക്കുകയായിരുന്നുവെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഈ വസ്തുതകൾ മറച്ചുവെച്ചാണ് പൊലീസ് സെർച്ച് വാറന്റ് നേടിയത്. ഡേവിസിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ, ചിത്രങ്ങൾ തുടങ്ങിയ തെളിവുകൾ നിയമവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ, പ്രതിരോധം ഒഴിവാക്കാനും പരിസരവാസികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് രാത്രിയിൽ തിരച്ചിൽ നടത്തിയതെന്നാണ് പൊലീസ് മുൻപ് വ്യക്തമാക്കിയിരുന്നത്.

റ്റുപാക് ഷക്കൂർ കൊല്ലപ്പെട്ട കാറിൽ താനുണ്ടായിരുന്നു എന്ന ഡേവിസിന്റെ മുൻ പ്രസ്താവനകൾ വെറും കള്ളക്കഥകളാണെന്നും പ്രതിഭാഗം വാദിച്ചു. മയക്കുമരുന്ന് കേസുകളിൽ നിന്ന് രക്ഷപ്പെടാനും, പുസ്തകങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും പണം സമ്പാദിക്കാനുമാണ് താൻ കൊലപാതകത്തിൽ പങ്കുണ്ടെന്ന് മുൻപ് കള്ളം പറഞ്ഞതെന്നാണ് ഡേവിസിന്റെ പുതിയ വെളിപ്പെടുത്തൽ. 2023 സെപ്റ്റംബറിൽ അറസ്റ്റിലായ ഇദ്ദേഹത്തിന്റെ ഈ നിയമപോരാട്ടം ആഗോള സംഗീത ലോകം അതീവ താല്പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!