പ്യോങ്യാങ്: റഷ്യയുമായുള്ള ഉത്തരകൊറിയയുടെ സൈനിക സഖ്യം കൂടുതൽ ശക്തമായെന്ന് പുതുവത്സര സന്ദേശത്തിൽ കിം ജോങ് ഉൻ. 2025 എന്ന വർഷം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിൽ നിർണ്ണായകമാണെന്നും കിം ചൂണ്ടിക്കാട്ടി. റഷ്യയെ സഹായിക്കാൻ തങ്ങളുടെ സൈനികർ നേരിട്ട് യുദ്ധക്കളത്തിലുണ്ടെന്ന് വടക്കൻ കൊറിയ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുർസ്ക് മേഖലയിലെ മൈനുകൾ നീക്കം ചെയ്യുന്നതിനിടെ ഒൻപത് സൈനികർ കൊല്ലപ്പെട്ട വിവരം ഈ മാസം ആദ്യമാണ് പ്യോങ്യാങ് വെളിപ്പെടുത്തിയത്. സൈനികരെ കൂടാതെ വലിയ തോതിൽ ആയുധങ്ങളും മിസൈലുകളും വടക്കൻ കൊറിയ റഷ്യയ്ക്ക് നൽകുന്നുണ്ട്.

അതേസമയം, മിസൈൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കിം പുടിന് പുതുവത്സരാശംസകൾ നേർന്നത്. സൈനിക സഹായത്തിന് പകരമായി റഷ്യയിൽ നിന്ന് സാമ്പത്തിക സഹായവും സാങ്കേതിക വിദ്യയും വടക്കൻ കൊറിയയ്ക്ക് ലഭിക്കുന്നുണ്ട്. റഷ്യയുമായുള്ള ഈ സഹകരണം വരും വർഷങ്ങളിൽ കൂടുതൽ വിപുലമാക്കാനാണ് വടക്കൻ കൊറിയ ലക്ഷ്യമിടുന്നത്.
