ടൊറന്റോ : അടുത്ത വർഷം ടൊറന്റോയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് വില്പന കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ടിക്കറ്റുകൾ ലഭിക്കാൻ പ്രയാസമാണെന്നും മിനിറ്റുകൾക്കുള്ളിൽ വിറ്റ് പോകുന്നതായും ടിക്കറ്റ് സ്വന്തമാക്കിയ എയ്ഡൻ ഡിസൂസ പറഞ്ഞു. ഡിമാൻഡ് വർധിച്ചതിനാൽ ഭൂരിഭാഗം ആരാധകർക്കും ടിക്കറ്റിനായി ‘റീസെയിൽ’ മാർക്കറ്റിനെ ആശ്രയിക്കേണ്ടി വരുന്നു. എന്നാൽ സ്റ്റബ്ഹബ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഒരു ടിക്കറ്റിന് 2,000 ഡോളർ മുതൽ 80,000 ഡോളർ വരെയാണ് നിലവിലെ നിരക്ക്.

അതേസമയം, ഒന്റാരിയോയിലെ ടിക്കറ്റ് പുനർവില്പന നിയമങ്ങളിലെ ഇളവുകളാണ് ഈ വൻ വിലക്കയറ്റത്തിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥ വിലയേക്കാൾ 50 ശതമാനത്തിൽ കൂടുതൽ ലാഭമെടുക്കുന്നത് തടഞ്ഞിരുന്ന നിയമം 2019-ൽ സർക്കാർ റദ്ദാക്കിയിരുന്നു. ഇതോടെ സാധാരണക്കാർക്ക് കായിക മാമാങ്കങ്ങൾ അപ്രാപ്യമാവുകയാണെന്ന് വിമർശനമുയരുന്നുണ്ട്. ഈ സാഹചര്യത്തിൽ കെബെക്ക് മാതൃകയിൽ ടിക്കറ്റ് വില നിയന്ത്രിക്കാനുള്ള നിയമനിർമ്മാണത്തെക്കുറിച്ച് ആലോചിക്കുകയാണെന്ന് പ്രീമിയർ ഡഗ് ഫോർഡ് വ്യക്തമാക്കി. ജനുവരി 13 വരെ ഫിഫ വെബ്സൈറ്റിൽ ടിക്കറ്റുകൾക്കായി ആരാധകർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
