ടൊറന്റോ : വിൻസർ-എസെക്‌സ് മേഖലയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ‘യെല്ലോ വാർണിങ്’ പുറപ്പെടുവിച്ച് എൻവയൺമെന്റ് കാനഡ. കനത്ത മഴയ്‌ക്കൊപ്പം മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റും ഈ മേഖലയിൽ നാശനഷ്ടങ്ങൾ വരുത്തിയേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

60 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തിൽ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. ഞായറാഴ്ച ആരംഭിക്കുന്ന മഴ തിങ്കളാഴ്ചയോടെ അതിശക്തമായ കാറ്റായി മാറാനാണ് സാധ്യതയെന്നും ഏജൻസി പറയുന്നു. ശക്തമായ കാറ്റ് മൂലം വൈദ്യുതി തടസ്സപ്പെടാനും കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവിക്കാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
