ഫ്ലോറിഡ : റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻകൈയെടുത്ത് രൂപീകരിച്ച 20 ഇന സമാധാന പദ്ധതിയിൽ നിർണ്ണായക പുരോഗതി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും മാരകമായ ഈ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയും നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതിയുടെ 90 ശതമാനം കാര്യങ്ങളിലും ധാരണയായത്.
സമാധാന പദ്ധതിയിലെ എല്ലാ വിഷയങ്ങളിലും അർത്ഥവത്തായ ചർച്ച നടത്തിയെന്നും സുപ്രധാനമായ ഫലങ്ങൾ കൈവരിച്ചെന്നും സെലെൻസ്കി പറഞ്ഞു. തങ്ങളുടെ ടീമുകൾ എല്ലാ വശങ്ങളിലും തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രെയ്നിന്റെ സുരക്ഷാ ഉറപ്പുകൾ, സാമ്പത്തിക സഹായങ്ങൾ എന്നിവയിൽ ഏകദേശ ധാരണയായെങ്കിലും ഡോൺബാസ് മേഖലയിലെ സ്വതന്ത്ര വ്യാപാര മേഖലയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇപ്പോഴും കഠിനമായി തുടരുകയാണ്. കൂടിക്കാഴ്ചയ്ക്ക് മുൻപായി ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഒരു മണിക്കൂറിലധികം ഫോണിൽ സംസാരിച്ചിരുന്നു. കൂടാതെ യൂറോപ്യൻ നേതാക്കളെയും നാറ്റോ മേധാവിയെയും ഉൾപ്പെടുത്തി നടത്തിയ ചർച്ചയിൽ യുക്രെയ്ന് ശക്തമായ സുരക്ഷാ ഉറപ്പുകൾ നൽകുന്നതിൽ പുരോഗതിയുണ്ടായതായി സെലെൻസ്കി അറിയിച്ചു. ചർച്ചകൾക്കായി അടുത്തയാഴ്ച വീണ്ടും പ്രതിനിധികൾ യോഗം ചേരും.
