ടൊറന്റോ: ഓട്ടവയിൽ അതിശക്തമായ മഞ്ഞുമഴയ്ക്ക് സാധ്യതയുള്ളതിനാൽ എൻവയൺമെന്റ് കാനഡ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കുന്ന ഈ പ്രതിഭാസം തിങ്കളാഴ്ച രാവിലെ വരെ തുടരുമെന്നാണ് പ്രവചനം. ഏകദേശം 15 മുതൽ 20 മില്ലിമീറ്റർ വരെ കനത്ത ഐസ് പാളികൾ റോഡുകളിലും മരങ്ങളിലും രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. റോഡുകളും നടപ്പാതകളും അതിതീവ്രമായി തണുത്തുറയാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പോലീസ് നിർദ്ദേശിച്ചു. ഡ്രൈവിംഗ് അപകടകരമാകാൻ സാധ്യതയുള്ളതിനാൽ എല്ലാ നോൺ-എസൻഷ്യൽ യാത്രകളും ഒഴിവാക്കണം. മരച്ചില്ലകളിലും പവർ ലൈനുകളിലും ഐസ് അടിഞ്ഞുകൂടുന്നത് മൂലം വലിയ തോതിലുള്ള വൈദ്യുതി തടസ്സമുണ്ടാകും.

72 മണിക്കൂർ നേരത്തേക്ക് ആവശ്യമുള്ള വെള്ളം, ഭക്ഷണം, മരുന്നുകൾ, ഫ്ലാഷ്‌ലൈറ്റുകൾ എന്നിവ കരുതണമെന്ന് ഹൈഡ്രോ ഓട്ടവ മുന്നറിയിപ്പ് നൽകി. വൈദ്യുതി മുടങ്ങാൻ സാധ്യതയുള്ളതിനാൽ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും മുൻകൂട്ടി ചാർജ് ചെയ്തു വെക്കുക. തിങ്കളാഴ്ച ഉച്ചയോടെ താപനില 0 ഡിഗ്രിക്ക് മുകളിൽ എത്തുമെന്നും അതോടെ മഞ്ഞുമഴ മാറുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഓട്ടവ നഗരത്തിന് പുറമെ കാനറ്റ, ഓർലിയൻസ് തുടങ്ങിയ മേഖലകളിലും ഈ മുന്നറിയിപ്പ് ബാധകമാണ്. ക്രിസ്മസ് – പുതുവത്സര അവധിക്കാലമായതിനാൽ റോഡുകളിലെ തിരക്ക് കണക്കിലെടുത്ത് യാത്രകൾ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
