ടൊറന്റോ : ടൊറന്റോയിലും പരിസര പ്രദേശങ്ങളിലും ഉച്ച തിരിഞ്ഞ് ശക്തമായ മഴയ്ക്കും മഞ്ഞു മഴയ്ക്കും സാധ്യതയുണ്ടെന്ന് എൻവയൺമെന്റ് കാനഡയുടെ മുന്നറിയിപ്പ്. ഏകദേശം 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ നഗരത്തിൽ ‘യെല്ലോ റെയിൻഫാൾ വാർണിങ്’ പുറപ്പെടുവിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും റോഡുകൾ വഴുക്കലുള്ളതാകാൻ സാധ്യതയുള്ളതിനാൽ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

മോശം കാലാവസ്ഥയെത്തുടർന്ന് ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. കൂടാതെ, ഹൈവേ 400-ന്റെ നോർത്ത് ബൗണ്ട് ലൈനുകൾ മഞ്ഞു വീഴ്ചയെത്തുടർന്നുള്ള അപകടങ്ങൾ കാരണം താൽക്കാലികമായി അടച്ചു. തിങ്കളാഴ്ച മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതിനാൽ വൈദ്യുതി തടസ്സവും നാശനഷ്ടങ്ങളും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
