ഗ്രാൻഡെ പ്രയറി (ആൽബർട്ട): വടക്കുപടിഞ്ഞാറൻ ആൽബർട്ടയിലെ ഗ്രാൻഡെ പ്രയറിയിൽ രണ്ടുപേർ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച പുലർച്ചെ നടന്ന സംഭവത്തിന് പിന്നാലെ തോക്കുമായി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പോലീസ് പിടികൂടി. 42 വയസ്സുള്ള കർട്ടീസ് ഹാലിഡേ ആണ് അറസ്റ്റിലായത്. ഇയാൾ അതീവ അപകടകാരിയാണെന്ന് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ശനിയാഴ്ച രാവിലെയാണ് വെടിവെപ്പ് നടന്നത്. പ്രതി പലർക്കും നേരെയും വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. കൊലപാതകത്തിന് ശേഷം ഇയാൾ ഒരു കറുത്ത ഫോർഡ് ട്രക്കിയിൽ രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഗ്രാൻഡെ പ്രേരി, റൈക്രോഫ്റ്റ് തുടങ്ങിയ മേഖലകളിൽ പോലീസ് ‘ഡേഞ്ചറസ് പേഴ്സൺ അലർട്ട്’ പ്രഖ്യാപിച്ചു.

ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1:15-ഓടെ ഗ്രാൻഡെ പ്രയറിക്ക് വടക്കുപടിഞ്ഞാറുള്ള ഗ്രാമീണ മേഖലയിൽ വെച്ച് ഇയാളെ പോലീസ് പിടികൂടി. ഇതോടെ പ്രദേശത്തെ അടിയന്തരാവസ്ഥ പിൻവലിച്ചു. ഇതൊരു ആസൂത്രണ കൊലപാതകമാണെന്നും കൊല്ലപ്പെട്ടവരും പ്രതിയും തമ്മിൽ മുൻപരിചയമുണ്ടെന്നും പോലീസ് അറിയിച്ചു. എന്നാൽ കൊല്ലപ്പെട്ടവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. പൊതുസുരക്ഷയ്ക്ക് മറ്റു പ്രശ്നങ്ങളില്ലെന്നും പോലീസ് അറിയിച്ചു.
