ന്യൂജഴ്സി : ന്യൂജഴ്സിയിൽ രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടാമത്തെ പൈലറ്റും മരിച്ചതായി അധികൃതർ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാവിലെ 11 മണിയോടെ ഹാമൺടണിലെ ബേസിൻ റോഡിന് സമീപമാണ് സംഭവം. കെന്നത്ത് കിർഷ് (65), മൈക്കൽ ഗ്രീൻബെർഗ് (71) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കിർഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. മൈക്കൽ ഗ്രീൻബെർഗ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

എൻസ്ട്രോം എഫ്-28എ ഹെലികോപ്റ്ററും എൻസ്ട്രോം 280സി ഹെലികോപ്റ്ററുമാണ് അപകടത്തിൽപ്പെട്ടതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഹാമൺടണിലെ ബേസിൻ റോഡിനും വൈറ്റ് ഹോഴ്‌സ് പൈക്കിനും സമീപമുള്ള ജനവാസ മേഖലയ്ക്ക് മുകളിൽ വച്ചാണ് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചത്. ഇതിൽ ഒരു ഹെലികോപ്റ്റർ തകർന്നുവീണയുടൻ തന്നെ തീപിടിച്ച് പൂർണ്ണമായും നശിച്ചു. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും (FAA), നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
