ഓട്ടവ : ശക്തമായ വെള്ളപ്പൊക്കത്തെത്തുടർന്ന് ഓട്ടവയിലെ കാൾട്ടൺ ലോഡ്ജ് ലോങ് ടേം കെയർ ഹോമിലെ അന്തേവാസികളെ അടിയന്തരമായി മാറ്റിപ്പാർപ്പിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വെള്ളം ചോരുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് അഗ്നിശമനസേന സ്ഥലത്തെത്തിയിരുന്നു. ആ സമയത്ത് ഒന്നാം നിലയിലെ ഏഴ് മുറികളിൽ വെള്ളം കയറിയതായി കണ്ടെത്തി. തുടർന്ന് ജലവിതരണം നിർത്തിവെക്കുകയും ചോർച്ചയുടെ ഉറവിടം കണ്ടെത്തുകയും ചെയ്തു. കെട്ടിടത്തിന്റെ സീലിങ് തകർന്നുവീഴാൻ സാധ്യതയുണ്ടെന്ന ആശങ്കയെത്തുടർന്ന് അതീവ ജാഗ്രതയോടെയായിരുന്നു രക്ഷാപ്രവർത്തനം.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അന്തേവാസികളെ താൽക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ചിലരെ കുടുംബാംഗങ്ങൾ കൊണ്ടുപോയപ്പോൾ മറ്റുള്ളവരെ ഒസി ട്രാൻസ്പോ സൗകര്യമുപയോഗിച്ച് മറ്റ് കെയർ ഹോമുകളിലേക്ക് മാറ്റി. രാത്രി 11 മണിയോടെ രക്ഷാപ്രവർത്തനം പൂർത്തിയായി.
