Monday, December 29, 2025

“നിരപരാധികളെ കൊല്ലുന്നത് നോക്കി നിൽക്കാനായില്ല”: ബോണ്ടി ബീച്ച്‌ ഹീറോ അഹമ്മദ്‌

സിഡ്‌നി: ലോകത്തെ ഞെട്ടിച്ച ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ച്‌ ഭീകരാക്രമണ അനുഭവം പങ്കിട്ട്‌ അക്രമികളിലൊരാളെ പിടി കൂടിയ സിറിയൻ വംശജൻ അഹമ്മദ് അൽ അഹമ്മദ്. ബി.ബി.സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പേടിപ്പെടുത്തിയ നിമിഷങ്ങളെ കുറിച്ച്‌ സംസാരിച്ചത്‌. ഡിസംബർ 14-ന് നടന്ന ആക്രമണത്തിനിടയിൽ, അക്രമി നിരപരാധികൾക്ക് നേരെ വെടിയുതിർക്കുന്നത് കണ്ട അഹമ്മദ് പുറകിലൂടെ ചെന്ന് അയാളെ കീഴ്പ്പെടുത്തുകയായിരുന്നു. തോക്ക് തട്ടിമാറ്റുന്നതിനിടയിൽ അഹമ്മദിനും അഞ്ചോളം തവണ വെടിയേറ്റു. “അക്രമിയുടെ കയ്യിൽ നിന്നും തോക്ക് തട്ടിമാറ്റുക എന്നതായിരുന്നു എന്റെ ലക്ഷ്യം. മനുഷ്യജീവൻ പൊലിയുന്നത് എനിക്ക് സഹിക്കാനാവില്ല. എന്റെ മനസ്സാക്ഷി പറഞ്ഞതുകൊണ്ടാണ് ഞാൻ അത് ചെയ്തത്,” അഹമ്മദ് പറഞ്ഞു. അഹമ്മദിന്റെ ധീരപ്രവൃത്തി നൂറുകണക്കിന് ആളുകളുടെ ജീവനാണ്‌ രക്ഷിച്ചത്‌. വലതുകൈകൊണ്ട് അവനെ പിടിച്ച് തോക്ക് താഴെയിടൂ, നിങ്ങൾ ചെയ്യുന്നത് നിർത്തൂ എന്ന് അലറുകയായിരുന്നെന്നും നിരപരാധികൾ കൊല്ല​പ്പെടാതിരിക്കാൻ അയാളുടെ കൈയിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങുകയും ഒരു മനുഷ്യന്റെ ജീവനെങ്കിലും രക്ഷിക്കുക എന്നായിരുന്നു മനസിലെന്നും അദ്ദേഹം പറഞ്ഞു.”ഞാൻ എന്തോ ചെയ്യുന്നതായി എനിക്ക് തോന്നി. എന്റെ ശരീരത്തിലെ, തലച്ചോറിലെ ഒരു ശക്തി ചെയ്യിക്കുന്നതായി തോന്നി.” ആ സമയത്ത് കടന്നുപോയ ആന്തരികാവസ്ഥകളെ അഹമ്മദ് വിവരിച്ചു.

“എന്റെ മുന്നിൽ ആളുകൾ കൊല്ലപ്പെടുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചില്ല. രക്തം കാണാൻ ഞാൻ ആഗ്രഹിച്ചില്ല. തോക്കിന്റെ ശബ്ദം കേൾക്കാൻ ആഗ്രഹിച്ചില്ല. ആളുകൾ യാചിക്കുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്യുന്നത് എനിക്ക് കാണാനാവില്ല. അന്നേരം അങ്ങനെ ചെയ്യാൻ എന്റെ ആത്മാവാണ് എന്നോട് ആവശ്യപ്പെട്ടത്”- അഹമ്മദ്‌ പറഞ്ഞു. സിറിയയിൽ ജനിച്ച അഹമ്മദ് 2006-ലാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. സിഡ്‌നിയിൽ ഒരു പഴക്കട നടത്തുകയാണ് രണ്ടുകുട്ടികളുടെ പിതാവ് കൂടിയായ അഹമ്മദ്‌. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിക്കുകയും രാജ്യത്തിന്റെ അഭിമാനമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഹമ്മദിന്റെ ചികിത്സയ്ക്കും കുടുംബത്തിനുമായി ഏകദേശം 14 കോടി ഇതിനകം പൊതുജനങ്ങളിൽ നിന്നും സമാഹരിച്ചിട്ടുണ്ട്. യഹൂദ മതവിഭാഗത്തിന്റെ ഹനുക്ക ആഘോഷങ്ങൾക്കിടെയായിരുന്നു സജിദ് അക്രം, മകൻ നവീദ് അക്രം എന്നിവർ ചേർന്ന് ആക്രമണം നടത്തിയത്. ഇതിൽ സജിദ് അക്രമിനെ പോലീസ് വെടിവെച്ചു കൊന്നു. പരിക്കേറ്റ നവീദ് നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!