സെന്റ് ജോൺസ് : വർഷങ്ങൾക്ക് ശേഷം ടാക്കോ ബെൽ (Taco Bell) തിരിച്ചെത്തിയതോടെ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ മൗണ്ട് പേളിൽ വൻ ട്രാഫിക് കുരുക്ക് അനുഭവപ്പെട്ടതായി റിപ്പോർട്ട്. ശനിയാഴ്ച നടന്ന റസ്റ്ററന്റിന്റെ ഗ്രാൻഡ് ഓപ്പണിങ് ചടങ്ങിൽ ടാക്കോയുടെ രുചി ആസ്വദിക്കാൻ നൂറുകണക്കിന് ആളുകളാണ് വാഹനങ്ങളുമായി എത്തിയത്. തിരക്ക് വർധിച്ചതോടെ കോമൺവെൽത്ത് അവന്യൂവിൽ ട്രാഫിക് നിയന്ത്രണമേർപ്പെടുത്താൻ മുൻസിപ്പാലിറ്റിക്ക് നോട്ടീസ് നൽകേണ്ടി വന്നു.

ഉദ്ഘാടന ദിവസം മാത്രം ഏകദേശം എഴുനൂറോളം പേർക്ക് ഭക്ഷണം വിളമ്പിയതായി ഫ്രാഞ്ചൈസി ഉടമ അറിയിച്ചു. ഞായറാഴ്ച രാവിലെ റസ്റ്ററന്റ് തുറക്കുന്നതിന് മുൻപ് തന്നെ ഡ്രൈവ്-ത്രൂ ലെയിനുകളിൽ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. വർഷങ്ങളായി ടാക്കോ ബെല്ലിനായി കാത്തിരുന്ന പ്രദേശവാസികൾ മണിക്കൂറുകളോളം ക്യൂ നിന്നാണ് തങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങൾ സ്വന്തമാക്കിയത്. ഹാലിഫാക്സിലേക്കും മറ്റും യാത്ര ചെയ്യുമ്പോൾ മാത്രം ലഭിച്ചിരുന്ന ഈ രുചി ഇനി സ്വന്തം നാട്ടിലും ലഭിക്കുമെന്ന സന്തോഷത്തിലാണ് പ്രദേശവാസികൾ.
