ടൊറൻ്റോ : അഗ്നിശമന സേനാംഗങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി കോടികൾ നിക്ഷേപിക്കുമെന്ന് ഒൻ്റാരിയോ സർക്കാർ പ്രഖ്യാപിച്ചു. കാൻസർ അടക്കമുള്ള രോഗങ്ങൾക്കുള്ള ചികിത്സയ്ക്കും ലിഥിയം അയൺ ബാറ്ററിയുമായി ബന്ധപ്പെട്ട തീപിടിത്ത പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനുമായി രണ്ടു കോടി ഡോളർ ഫയർ പ്രൊട്ടക്ഷൻ ഗ്രാൻ്റ് അനുവദിച്ചതായി പ്രവിശ്യാ സർക്കാർ അറിയിച്ചു. ദുർഹം മേഖലയിലെ എട്ട് മുനിസിപ്പാലിറ്റികൾ ഉൾപ്പെടെ പ്രവിശ്യയിലെ 380 കമ്മ്യൂണിറ്റികൾക്ക് ഈ തുക ലഭിക്കും.

വിറ്റ്ബി പട്ടണത്തിലെ അഗ്നിശമന വകുപ്പിനായി 26 സെറ്റ് സംരക്ഷണ ഉപകരണങ്ങൾ വാങ്ങാൻ 86,000 ഡോളർ അനുവദിച്ചിട്ടുണ്ട്. ദുർഹം മേഖലയിലെ മറ്റു മുനിസിപ്പാലിറ്റികളായ ഓഷവ ($102,613), ക്ലാരിംഗ്ടൺ ($86,026), പിക്കറിങ് ($60,000), എയ്ജാക്സ് ($52,581), ബ്രോക്ക് ($41,247), സ്കുഗോഗ് ($32,000), ഉക്സ്ബ്രിഡ്ജ് ($18,000) എന്നിവയ്ക്കും ഫണ്ട് ലഭിക്കും. കൂടാതെ ടൊറൻ്റോ ($1,397,219), ഓട്ടവ ($740,025), ഹാമിൽട്ടൺ ($416,000), മിസ്സിസാഗ ($368,173), കവാർത്ത ലേക്ക്സ് ($303460) എന്നീ മുനിസിപ്പാലിറ്റികൾക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
