ഷാർലറ്റ് ടൗണ്‍: ഇന്ത്യൻ കാർഷിക രംഗത്ത് പതിറ്റാണ്ടുകൾക്ക് മുമ്പേ നടപ്പാക്കിയിരുന്ന ജൈവകൃഷിരീതിയായ ചാണക പ്രയോഗം വൈകിയെങ്കിലും തിരിച്ചറിഞ്ഞ് കാനഡയും. കൃഷിഭൂമിയിലെ മണ്ണിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനും ആഗോളതാപനത്തിന് കാരണമാകുന്ന വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനും പശുക്കളുടെ ചാണകം ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് കാനഡയിലെ ഗവേഷകർ കണ്ടെത്തിയത്. പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ ‘ലിവിംഗ് ലാബ്’ പദ്ധതിയുടെ ഭാഗമായാണ് കർഷകരും ശാസ്ത്രജ്ഞരും കൈകോർക്കുന്നത്. പി.എ.ഇയിലെ മണ്ണ് വളരെ പെട്ടെന്ന് ഒലിച്ചുപോകുന്ന സ്വഭാവമുള്ളതാണ്. ചാണകം വളമായി ഉപയോഗിക്കുന്നത് മണ്ണിലെ ജൈവാംശം വർദ്ധിപ്പിക്കാനും മണ്ണിനെ കൂടുതൽ ബലമുള്ളതാക്കാനും സഹായിക്കും. അന്തരീക്ഷത്തിലേക്ക് കാർബൺ പുറന്തള്ളുന്നത് തടയാനും മണ്ണിൽ കാർബൺ സംഭരിച്ചുവെക്കാനും ഈ പ്രകൃതിദത്ത വളപ്രയോഗം സഹായിക്കുമെന്ന് ജൂഡിത്ത് നൈറനേസ വ്യക്തമാക്കി.

ഗവേഷണത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷിയിൽ ഉരുളക്കിഴങ്ങ് ഉല്പാദനത്തിൽ 28 ശതമാനം വർദ്ധനവ് ഉണ്ടായതായി ഗവേഷകർ കണ്ടെത്തി. കർഷകനായ നിക്ക് ഗ്രീൻ തന്റെ കന്നുകാലികളെ കൃഷിഭൂമികളിൽ മേയാൻ വിട്ടുകൊണ്ട് ‘റൊട്ടേഷണൽ ഗ്രേസിംഗ്’ രീതിയാണ് പിന്തുടരുന്നത്. ഇതിലൂടെ കന്നുകാലികൾ പുറന്തള്ളുന്ന ചാണകം നേരിട്ട് മണ്ണിൽ കലരുകയും വളമായി മാറുകയും ചെയ്യുന്നു. രാസവളങ്ങളുടെ വില വർദ്ധിച്ച സാഹചര്യത്തിൽ ഇത് കർഷകർക്ക് വലിയ സാമ്പത്തിക ലാഭവും നൽകുന്നു. കൂടാതെ, ചാണകം നേരിട്ട് മണ്ണിലേക്ക് എത്തിക്കുന്ന ഇഞ്ചക്ഷൻ മെത്തേഡ് എന്ന പുതിയ സാങ്കേതിക വിദ്യയും ഗവേഷകർ പരീക്ഷിക്കുന്നു. ഇത് മണ്ണില്‍ നിന്നും നൈട്രജൻ നഷ്ടപ്പെടുന്നത് 35 ശതമാനം വരെ കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൽ കന്നുകാലികൾ ഒരു പ്രശ്നമല്ല, മറിച്ച് പരിഹാരമാണെന്ന് തെളിയിക്കുക എന്നതാണ് ഈ മൂന്ന് വർഷത്തെ പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
