Monday, December 29, 2025

വെള്ളിത്തിളക്കം! ചരിത്രത്തിലാദ്യമായി കിലോയ്ക്ക് 2.5 ലക്ഷം കടന്ന് വെള്ളി; വിപണിയില്‍ വന്‍ കുതിപ്പ്

കൊച്ചി: ഇന്ത്യന്‍ വിപണിയില്‍ വെള്ളിവില സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. ചരിത്രത്തിലാദ്യമായി ഒരു കിലോ വെള്ളിയുടെ വില 2,50,000 രൂപ കടന്നു. തുടര്‍ച്ചയായ അഞ്ചാം സെഷനിലും നേട്ടം തുടരുന്ന വെള്ളി, ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ എംസിഎക്‌സ് (MCX) വിപണിയില്‍ 5.7 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 2,54,174 രൂപ എന്ന നിരക്കിലെത്തി.

അന്താരാഷ്ട്ര വിപണിയില്‍ വെള്ളി വില ഔണ്‍സിന് 84 ഡോളര്‍ എന്ന നിലവാരത്തിലേക്ക് ഉയര്‍ന്നതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. ഇതോടെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമുള്ള രണ്ടാമത്തെ ആസ്തിയായി വെള്ളി മാറി. അമേരിക്കന്‍ ടെക് ഭീമനായ എന്‍വിഡിയയുടെ (Nvidia) വിപണി മൂല്യത്തെപ്പോലും മറികടന്നാണ് വെള്ളിയുടെ ഈ കുതിപ്പ്.

ഈ വര്‍ഷം മാത്രം വെള്ളിയില്‍ 180 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണ്ണത്തെപ്പോലും പിന്നിലാക്കി ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന നിക്ഷേപ ആസ്തിയായി വെള്ളി മാറി.

വില കൂടാന്‍ കാരണങ്ങള്‍:

  1. ചൈന പുതുവര്‍ഷം മുതല്‍ വെള്ളിയുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആഗോള വിതരണത്തില്‍ അനിശ്ചിതത്വം സൃഷ്ടിച്ചു.
  2. യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവ് വെള്ളിക്ക് അനുകൂലമായി.
  3. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും നടത്തുന്ന ചര്‍ച്ചകളും വിപണി ഉറ്റുനോക്കുന്നു.

വെള്ളിക്കൊപ്പം സ്വര്‍ണ്ണ വിലയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 10 ഗ്രാം സ്വര്‍ണ്ണത്തിന്റെ ഫ്യൂച്ചര്‍ വില 1.29 ശതമാനം ഉയര്‍ന്ന് 1,39,873 രൂപയായി. വരും ദിവസങ്ങളിലും വെള്ളി വിലയില്‍ മുന്നേറ്റമുണ്ടാകുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. വില 2,62,000 രൂപ വരെ എത്താന്‍ സാധ്യതയുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!