പി പി ചെറിയാൻ
ഹ്യൂസ്റ്റൺ : ശക്തമായ കാറ്റും പ്രതികൂല കാലാവസ്ഥയും കാരണം ഹ്യൂസ്റ്റണിൽ മുപ്പതിനായിരത്തിലധികം ഉപയോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടതായി സെന്‍റർ പോയിൻ്റ് എനർജി റിപ്പോർട്ട് ചെയ്തു. ഹാരിസ് കൗണ്ടിയിലെ വിവിധ ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് വൈദ്യുതി ബന്ധം നിലച്ചത്. തിങ്കളാഴ്ച പുലർച്ചെയോടെയാണ് തടസ്സം നേരിട്ടവരുടെ എണ്ണം വർധിച്ചത്. പുതുവർഷത്തിന് തൊട്ടുമുമ്പുള്ള ഈ വൈദ്യുതി മുടക്കം ജനങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും സാരമായി ബാധിച്ചു. തണുപ്പുകാലമായതിനാൽ ഹീറ്റിങ് സംവിധാനങ്ങളെയും മെഡിക്കൽ ഉപകരണങ്ങളെയും ആശ്രയിക്കുന്ന വീടുകളിൽ വൈദ്യുതി തടസ്സം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ശക്തമായ കാറ്റിൽ മരച്ചില്ലകൾ ഒടിഞ്ഞുവീണു വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചതോടെയാണ് വൈദ്യുതി മുടങ്ങിയത്. പഴയ വൈദ്യുത സംവിധാനങ്ങളുള്ള പ്രദേശങ്ങളിലാണ് നാശനഷ്ടങ്ങൾ കൂടുതലെന്ന് ഏജൻസി അറിയിച്ചു. അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ സെന്‍റർ പോയിൻ്റ് എനർജി ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്. ഡിസംബർ ആദ്യവാരത്തിലും മുപ്പതിനായിരത്തോളം പേർക്ക് വൈദ്യുതി തടസ്സപ്പെട്ടിരുന്നു.
